കേരളാ കോൺഗ്രസ്സുകളുടെ ചരിത്രത്തിൽ ഉളനീടം കാണാവുന്ന പൊട്ടിത്തെറികളും ഏച്ചുകെട്ടലുകളുമെല്ലാം അതേരൂപങ്ങളിൽ പ്രതിഫലിച്ചിട്ടുള്ള മണ്ഡലമാണ് കടുത്തുരുത്തി.
കേരളാ കോൺഗ്രസ്സ് രൂപം കൊണ്ടതിനു ശേഷം ആദ്യമായി നടന്ന നിയസഭാതിരഞ്ഞെടുപ്പിൽ ( 1965ൽ), പാർട്ടി വിജയിച്ച 24 സീറ്റുകളിൽ ഒന്നാണ് കടുത്തുരുത്തി. അന്നു മുതലിന്നു വരെ കടുത്തുരുത്തിയുടെ ഭാഗദേയം നിർണ്ണയിക്കാൻ കേരളാ കോൺഗ്രസ്സ് എന്ന പ്രസ്ഥാനം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. 1982ലും 1987ലും, പി.സി.തോമസ് പന്നിവേലിൽ എന്ന ഇടതുപക്ഷസ്വതന്ത്രനെ ജയിപ്പിച്ചതൊഴിച്ചാൽ, കേരളാ കോൺഗ്രസ്സുകൾ മാറി മാറി വീതംവെച്ചെടുത്ത മണ്ഡലമാണ് കടുത്തുരുത്തി.
1991ൽ മാണി-കോൺഗ്രസ്സിലെ യുവ നേതാവ് പി.എം.മാത്യു, ആയിടെ ഇടത്പക്ഷത്തു ചേക്കേറിയ ജോസഫ് വിഭാഗത്തിലെ സീനിയർ നേതാവ് ഇ.ജെ.ലൂക്കോസിനെ വളരെ വ്യക്തമായ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി.
പക്ഷേ വളരുംതോറും പിളരുന്ന കേ.കോ. സ്വഭാവം വീണ്ടും ആവർത്തിച്ചു. ടി.എം.ജേക്കബിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ഭിന്നിച്ചു മാറിയപ്പോൾ പി.എം.മാത്യു ആ വിഭാഗത്തിലായി. സ്വാഭാവികമായും 1996ലെ ഇലക്ഷനിൽ കടുത്തുരുത്തി സീറ്റിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജേക്കബ് വിഭാഗക്കാരനായി. അനായാസ ജയം എന്നു കരുതിയിരുന്ന ഒരു സാഹചര്യത്തിൽ , കടുത്തുരുത്തിയുടെ മുൻ എം.എൽ.എ ആയിരുന്ന പി.സി.തോമസ് പന്നിവേലിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തെത്തി. പി.എം.മാത്യുവിനെ തോല്‍പ്പിക്കാൻ മാണിസാർ നിറുത്തിയതാണ് ഇദ്ദേഹത്തിനെ എന്നൊരു കരക്കമ്പി പരന്നു. പി.സി.തോമസോ കെ.എം.മാണിയോ ഇതു പരസ്യമായി നിഷേധിച്ചുമില്ല. ഒടുവിൽ ഫലം വന്നപ്പോൾ ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന ജോസഫ്-വിഭാഗത്തിന്റെ മോൻസ് ജോസഫ് 15000ല്‍പ്പരം വോട്ടിനു വിജയിച്ചു. ‘സ്വതന്ത്രൻ’ പി.സി.തോമസ് 20000 വോട്ടു പിടിച്ചു എന്ന കാര്യം പരിഗണിക്കുമ്പോൾ, കേ.കോ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകൾ മനസ്സിലാകും.
കേ.കോ. പ്രവർത്തകർക്കു സ്ഥായിയായി ലഭിക്കുന്ന സുമുഖതയും സൗമ്യതയുമൊക്കെ പതിവിലും അധികം ലഭിച്ചിട്ടുള്ള നേതാവാണ് മോൻസ് ജോസഫ്. അടുത്തു ഇടപഴകിയിട്ടുള്ളവർക്കൊക്കെ നല്ലത് മാത്രം പറയാനുള്ള നേതാവ്. അങ്ങനെ ഗ്ലാമറിൽ നിന്ന മോൻസിനെ പിടിക്കാൻ ജേക്കബ് ഗ്രൂപ്പിനു കഴിയില്ല എന്ന തിരിച്ചറിവിലാണ് 2001ൽ കടുത്തുരുത്തി വീണ്ടും മാണി കോൺഗ്രസ്സിന്റെ അക്കൗണ്ടിലെത്തിയത്. ജില്ലാ പഞ്ചായത്തംഗമായിരുന്ന സ്റ്റീഫൻ ജോർജ്ജാണ് മണ്ഡലം പിടിക്കാനിറങ്ങിയത്. കേരളത്തിലുടനീളം ആഞ്ഞു വീശിയ യു.ഡി.എഫ് അനുകൂലതരംഗത്തിനൊപ്പം പ്രാദേശിക സാമുദായിക ഘടകങ്ങളും സ്റ്റീഫനു തുണയായപ്പോൾ കടുത്തുരുത്തി വീണ്ടും വലതുപക്ഷം ചേർന്നു.
ഇവർതന്നെ വീണ്ടും ഏറ്റുമുട്ടിയ 2006ൽ കടുത്തുരുത്തി വീണ്ടും കളം മാറി ചവിട്ടി. പി.ജെ.ജോസഫും ടി.യു.കുരുവിളയും ആരോപണങ്ങളുടെ പേരിൽ മാറി നിന്നപ്പോൾ മോൻസ് ജോസഫ് മന്ത്രിയായി. ചുരുങ്ങിയ കാലംകൊണ്ട് കടുത്തുരുത്തി മണ്ഡലത്തിലെ റോഡുകളെല്ലാം മോൻസിന്റെ കവിളുകൾ പോലെ തിളങ്ങി.
2010ൽ ജോസഫ് വിഭാഗം മാണി-കോൺഗ്രസ്സിൽ ലയിക്കുകയും അതിന്റെ പേരിൽ പി.സി.തോമസിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം അടിച്ചുപിരിഞ്ഞു ഇടതുപക്ഷത്ത് തുടരുകയും ചെയ്തു.
ഈ ഇലക്ഷന്റെ സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ചിരുന്നത് പോലെ കടുത്തുരുത്തിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മോൻസ് ജോസഫ് തന്നെ. സീറ്റ് പ്രതീക്ഷിച്ചിരുന്ന സ്റ്റീഫൻ ജോർജ്ജ് ഉടൻ കലാപക്കൊടിയുയർത്തി. കടുത്തുരുത്തിയിൽ ആരു മൽസരിക്കും എന്നു വിഷമിച്ചിരുന്ന ഇടതുമുന്നണിക്ക് അങ്ങനെ ഒരു സ്ഥാനാർത്ഥിയെക്കിട്ടി!
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ഏറ്റുമുട്ടിയവർതന്നെ വീണ്ടും മൽസരിക്കുന്നു എന്നത് ഒരു പുതുമയല്ലെങ്കിലും, അവർ പരസ്പരം മുന്നണി മാറി മൽസരിക്കുന്നു എന്നതു കേരളത്തിനു മുഴുവൻ ഒരു പുതുമ തന്നെ.
വ്യക്തിപരമായി സ്വീകാര്യത മോൻസ് ജോസഫിനു തന്നെയെന്നാണ് എന്റെ വിലയിരുത്തൽ. പക്ഷേ പരമ്പരാഗത കത്തോലിക്കാ വിഭാഗത്തിന്റെ യു.ഡി.എഫ് അനുഭാവമാണ് ഇതിനെ പ്രതിരോധിക്കാൻ യു.ഡി.എഫ് നെ ഇതു വരെ സഹായിച്ചു പോന്നത്. പക്ഷേ സ്വീകാര്യനായ സ്ഥാനാർത്ഥി സ്വീകാര്യമായ മുന്നണിയിലെത്തിയതു കൊണ്ട്, അവർക്കു പലർക്കും ഇത്തവണ തീരുമാനം എളുപ്പമായിരിക്കും.
ക്നാനായ കത്തോലിക്കാ വിഭാഗത്തിനു നിർണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് കടുത്തുരുത്തി. സമുദായംഗമായ സ്റ്റീഫൻ ജോർജ്ജിനു അതിന്റേതായ ഒരു സ്വാധീനം ഉണ്ടെങ്കിലും, ഒരു വിജയത്തിലെത്തിക്കാൻ അതു മതിയാകില്ല.
കോട്ടയം ജില്ലയിൽ പാലാ, പുതുപ്പള്ളി എന്നീ മണ്ഡലങ്ങൾ കഴിഞ്ഞാൽ യു.ഡി.എഫ് വിജയിക്കുമെന്നു ഉറപ്പിക്കാമെന്ന മണ്ഡലമാണ് കടുത്തുരുത്തി എന്നു ഞാൻ പറയും.
Friday, April 1, 2011
Subscribe to:
Post Comments (Atom)
3 comments:
nee parayanda ellayidathum jaikkum....pala,puthuppally,kaduthuruthy chumma jaikkum...bakki paatu padi jaikkum...
നിരീക്ഷണം വലിയ തരക്കേടില്ല. പ്രവചനവും ശരിയായേക്കാം. എം.വി രാജേഷ്.
പ്രവചനം ശരിയാകാന്‍ ചാന്‍സ് ഉണ്ട് . എങ്കിലും അടിയൊഴുക്കുകള്‍ ഉണ്ടെന്നാണ് നാട്ടില്‍ പറയുന്നേ . പിന്നെ ക്നാനായ വോട്ടുകള്‍ മൊത്തം സ്ടീഫനു വീഴുകയും നിക്ഷ്പക്ഷ വോട്ടുകളും ഇടത് അനുഭാവികളുടെ മോന്സ്നോടുള്ള എതിര്‍പ്പും കൂടി പരിഗണിച്ചാല്‍ , പ്രവചനം അസാധ്യം :) മോന്‍സ് ജനപ്രീയന് എന്നതി തര്‍ക്കമില്ല ,ചിലപ്പോള്‍ അതും ഒരു പ്രശനമുണ്ടാക്കിയെക്കം ;)
Post a Comment