Sunday, April 3, 2011

കരണം മറിയുന്ന കോട്ടയം

ഖദറിട്ട കുറേ അച്ചായന്മാരുടെ നാടെന്നാണ്‌ കോട്ടയത്തിനു സിനിമാക്കാർ സാധാരണ നല്കുന്ന രാഷ്ട്രീയ പരിവേഷം. ചതുരംഗം എന്ന ചിത്രത്തിൽ ആറ്റിപ്രാക്കൽ ജിമ്മി എന്ന ലാലേട്ടൻ , കോട്ടയം എസ്.പി. നഗ്മയോട്‌ പറയുന്നതും അങ്ങനെ തന്നെ -“ ഇതു കോട്ടയമാണ്‌, കോട്ടയം. ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്‌ ഞങ്ങള്‌ കുറേ കേരളാ കോൺഗ്രസ്സുകാരാണ്‌”. ( ഇതു പറഞ്ഞപ്പോ, കോട്ടയം അഭിലാഷിലൊക്കെ നല്ല കൂവൽ ആരുന്നു! ). പാലാ, പുതുപ്പള്ളി എന്നിങ്ങനെ ചില മണ്ഡലങ്ങൾ നിയമസഭാതിരഞ്ഞെടുപ്പിൽ കളം മാറാതെ നില്പ്പുണ്ടെങ്കിലും, ജില്ലയെ മൊത്തമായി പരിഗണിക്കുമ്പോൾ , അടിയുറച്ച ഒരു വലതുപക്ഷ ജില്ല എന്ന വിശേഷണം കോട്ടയത്തിനു ചേരില്ല.


ജില്ലാ ആസ്ഥാനമായ കോട്ടയം പട്ടണം കേന്ദ്രീകരിച്ചാണ്‌ കോട്ടയം മണ്ഡലം നിലകൊള്ളുന്നത്. മണ്ഡല പുനർനിർണ്ണയത്തിൽ വളരെ നിർണ്ണായകമായ ചില മാറ്റങ്ങൾ ഇത്തവണ മണ്ഡലത്തിൽ വന്നിട്ടുണ്ട്.

കോട്ടയം മണ്ഡലത്തിന്റെ കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തെ ചരിത്രമെടുത്താൽ ഇടത് പക്ഷത്തിനു കാര്യമായ ഒരു മുൻതൂക്കം അവകാശപ്പെടാവുന്നതാണ്‌.

1987,1991,1996 വർഷങ്ങളിൽ സി.പി.എം സീനിയർ നേതാവും മന്ത്രിയുമായിരുന്ന ശ്രീ. ടി.കെ.രാമകൃഷ്‌ണനാണ്‌ കോട്ടയത്തെ പ്രതിനിധീകരിച്ചത്‌. യഥാക്രമം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ചെറിയാൻ ഫിലിപ്പ് ( ഇപ്പോൾ സഖാവ്‌ ചെറിയാൻ ഫിലിപ്പ്‌! ), മോഹൻ ശങ്കർ എന്നിവർ പരാജയമറിഞ്ഞു. ഇതിൽ 1987ലെ വിജയം വളരെ ആധികാരമായിരുന്നുവെങ്കിൽ, ‘91ലും ’96ലും ഭൂരിപക്ഷം താരതമ്യേന കുറവായിരുന്നു. ഈ രണ്ടു തിരഞ്ഞെടുപ്പിലും, ടി.കെ-യെ രക്ഷിച്ചത്‌ തിരുവാർപ്പ്, കുമരകം എന്നീ പഞ്ചായത്തുകളായിരുന്നു. കോട്ടയം മുനിസിപ്പാലിറ്റി, നാട്ടകം പഞ്ചായത്ത് എന്നിവയിലെ ബൂത്തുകളിൽ വ്യക്തമായ ഭൂരിപക്ഷം കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ നേടിയെങ്കിലും, കുമരകം/തിരുവാർപ്പ് പെട്ടികൾ പൊട്ടിച്ചപ്പോൾ ചെറിയാൻ ഫിലിപ്പും മോഹൻ ശങ്കറും പൊട്ടി.


2001ലാണ്‌ കോട്ടയം മണ്ഡ്ലത്തിന്റെ ജാതകം മാറ്റിക്കുറിച്ച ഒരു സംഭവവികാസമുണ്ടായത്‌. സംസ്ഥാന രാഷ്ട്രിയത്തിൽ നിന്നും അകന്നു നിന്നിരുന്ന വയലാർ രവി വീണ്ടും സജീവമാകാൻ തീരുമാനിച്ചു. പക്ഷേ സ്വന്തം തട്ടകമായ ചേർത്തലയിൽ എ.കെ.ആന്റണി നിറഞ്ഞു നില്ക്കുന്നതുകൊണ്ടാവാം, കയ്യിലുള്ള രാജ്യസഭാഗത്വം വിട്ടുകളയാതെ, വാമഭാഗം മേഴ്സി രവിയെ മൽസരിപ്പിക്കാൻ തീരുമാനിച്ചു. മൽസരിക്കാൻ കണ്ടെത്തിയത് കോട്ടയം മണ്ഡലം. പക്ഷേ കോട്ടയം നിലനിർത്താൻ ഇടത്പക്ഷം രംഗത്തിറക്കിയത്‌ വൈക്കം വിശ്വനെയായിരുന്നു. ആയിടെ പാർട്ടി സെക്രട്ടറിയായ പിണറായി വിജയനൊപ്പം സീനിയോറിറ്റുണ്ടായിരുന്ന വൈക്കം വിശ്വനെ സംസ്ഥാനതലത്തിലേയ്ക്കുയർത്താനുള്ള ഒരു പദ്ധതിയായിരുന്നു അത്‌. അങ്ങനെ ഒരു സെലിബ്രിറ്റി മണ്ഡലമായി കോട്ടയം മാറി.

ചാവേറാകാനാണോ മേഴ്സി രവി വന്നത്‌ എന്ന ചോദ്യത്തിനു മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടിയാണ്‌ അവർ മറുപടി പറഞ്ഞത്‌. പതിവു തെറ്റിച്ചുകൊണ്ട്‌ കുമരകവും തിരുവാർപ്പും മേഴ്സി രവിക്കൊപ്പം നിന്നു. ഈഴവ വിഭാഗത്തിനു എല്ലാക്കാലത്തും പ്രിയപ്പെട്ടവനായിരുന്ന വയലാർ രവി അങ്ങനെ കോട്ടയത്തു കളം വരച്ചു. പക്ഷേ ആ തീരുമാനം കോട്ടയത്തിനു ഗുണമായി ഭവിച്ചു എന്നു തന്നെ പറയേണ്ടി വരും. വയലാർ രവിയുടെ എം.പി ഫണ്ട് ഏതാണ്ട് മുഴുവനായിത്തന്നെ കോട്ടയത്തെത്തി. 2006ൽ സാക്ഷാൽ രവി തന്നെ മൽസരിക്കും എന്നു പോലും പലരും കരുതി.

പക്ഷേ 2006 ആയപ്പോൾ വയലാർ രവി കേന്ദ്ര കാബിനറ്റ് മന്ത്രിയായി. രോഗാതുരയായ മേഴ്സി രവിക്കു പകരം, അതേ ഗ്രൂപ്പിലെ അജയ് തറയിൽ വണ്ടി പിടിച്ചെത്തി. എതിരാളി കോട്ടയത്തെ പ്രമുഖ സഹകാരിയും നേതാവുമായ വി.എൻ.വാസവൻ. ഇടതുതരംഗം ആഞ്ഞടിച്ച ആ തിരഞ്ഞെടുപ്പിൽ പക്ഷേ കോട്ടയം ഏതാണ്ട് വലത്തോട്ട് തന്നെ ചാന്നു നിന്നു. ആയിരത്തിൽ താഴെ ഭൂരിപക്ഷത്തിനാണ്‌ ശ്രീ.വാസവൻ രക്ഷപെട്ടത്‌. മറുനാടനായ അജയ് തറയിലിനു പകരം കോട്ടയംകാരിയായ ലതികാ സുഭാഷ്‌ ( ഇത്തവണ മലമ്പുഴയിൽ മൽസരിക്കുന്നു) മൽസരിച്ചിരുന്നെങ്കിൽ , കോട്ടയം ഖദറണിയുമായിരുന്നു എന്നു വിശ്വസിക്കുന്നവർ ഒരുപാടുണ്ട്‌.

ഇതൊക്കെ പഴയ കഥ. ഇത്തവണ കളിക്കളം ആകെ മാറിപ്പോയി.

പരമ്പരാഗത ഇടത് വോട്ടുബാങ്കുകളായ കുമരകവും തിരുവാർപ്പും ഏറ്റുമാനൂരിൽ ചേർന്നു. ജന്മംകൊണ്ടും ആദ്യകാല പ്രവർത്തനം കൊണ്ടും കോട്ടയംകാരനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരിച്ചെത്തിയിരിക്കുന്നു. ഇടത് പക്ഷത്തോടു പിണങ്ങി നില്ക്കുന്ന കത്തോലിക്കാ സഭയ്ക്കും, ഓർത്തഡോക്സ് സഭയ്ക്കും എൻ.എസ്.എസ്-നും നിർണ്ണായക സ്വാധീനം. എ-ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയായതുകൊണ്ട് കാര്യമായ കാലുവാരൽ ഭീഷണിയും ഇല്ല - യു.ഡി.എഫ്നു മുൻതൂക്കമുണ്ട്‌.

വി.എൻ.വാസവൻ നേടിയാക്കാവുന്ന വ്യക്തിപരമായ വോട്ടുകളിൽ ഇടതുമുന്നണിക്കു പ്രതീക്ഷ വെയ്ക്കാം. മാർക്സിസ്റ്റ് പാർട്ടി നേതാക്കൾക്കു സാധാരണയുണ്ടാകാറുള്ള ബലം പിടിത്തവും മുറുകിയ മുഖഭാവവുമൊന്നും വി.എൻ.വാസവനില്ല. നിറഞ്ഞ താടിക്കിടയിലൂടെ ഒഴുകി വരുന്ന നിറഞ്ഞ ചിരിയാണ്‌ പുള്ളിയുടെ മുഖമുദ്ര. പിന്നെ 20 കൊല്ലം മുമ്പു കോട്ടയം വിട്ട തിരിവഞ്ചൂരിനേക്കാൾ വ്യക്തിബന്ധങ്ങളും അദ്ദേഹത്തിനുണ്ട്‌ .

തീപാറുന്ന ഒരു പ്രചരണം കാണാമെങ്കിലും, അന്തിമവിജയം തിരുവഞ്ചൂരിനു തന്നെയായിരിക്കുമെന്നു എന്റെ പക്ഷം.

1 comment: