Monday, September 1, 2008

ശ്രദ്ധാകേന്ദ്രമാകുന്ന കോട്ടയം.

കേരളത്തിലെ പാര്‍ലമെന്റ്‌ സീറ്റുകളുടെ ചരിത്രമെടുത്താല്‍ ഏറ്റവും പ്രവചനാതീതമായ സ്വഭാവം കാണിച്ചിട്ടുള്ളതു കോട്ടയമാണ്‌. ആ ചരിത്രത്തിലെ ആനുകാലിക വിവരങ്ങളിലേയ്ക്കു:

1984-ല്‍, ഇന്ദിരാ ഗാന്ധി സഹതാപതരംഗത്തില്‍ കേരളം മുഴുവന്‍ ഐക്യജനാധിപത്യമുന്നണിക്കനുകൂലമായി വോട്ട്‌ ചെയ്തപ്പോള്‍, സിറ്റിങ്ങ്‌ അംഗമായ സ്കറിയാ തോമസിനു പകരം മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ സുരേഷ്‌ കുറുപ്പ്‌ എന്ന ചെറുപ്പക്കാരനെയാണ്‌ കോട്ടയംകാര്‍ പാര്‍ലമെന്റിലേയ്ക്കയച്ചതു.

എന്നാല്‍ 1989-ല്‍, രമേശ്‌ ചെന്നിത്തല എന്ന ചെറുപ്പക്കാരന്‍ മുന്‍ മന്ത്രിക്കു വേണ്ടി അവര്‍ കുറുപ്പിനെ തഴഞ്ഞു.

രമേശ്‌ ചെന്നിത്തല ഒരു ദേശീയ നേതാവായി വളര്‍ന്ന ആ കാലഘട്ടത്തിലെല്ലാം കോട്ടയം കൂടെ നിന്നു. പക്ഷേ, എ.ഐ.സി.സി. മെമ്പറായി വളര്‍ന്നിരുന്ന രമേശിനെ നേരിടാന്‍ ഒരിക്കല്‍ കൂടി സുരേഷ്‌ കുറുപ്പെത്തിയപ്പോള്‍ , 1998ല്‍ , കോട്ടയംകാരു പിന്നെയും കൂറു മാറി.

[ 1991ലും 1996ലും ജനതാദളായിരുന്നു കോട്ടയത്തു നിന്നും ഇടതുപക്ഷത്തിനു വേണ്ടി മല്‍സരിച്ചത്‌ എന്നതും എടുത്തു പറയേണ്ടതുണ്ട്‌. ]

തുടര്‍ന്നു നടന്ന രണ്ട്‌ തിരഞ്ഞെടുപ്പിലും സുരേഷ്‌ കുറുപ്പ്‌ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയാണുണ്ടായതു.


പുനര്‍നിര്‍ണ്ണയിച്ച കോട്ടയം മണ്ഡലത്തിലെ തിരഞ്ഞെടുപ്പു്‌ പല കാരണങ്ങള്‍കൊണ്ടും നിര്‍ണ്ണായകമാണ്‌.

1. സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന കത്തോലിക്കാ സഭയ്ക്കും, നായര്‍ സമുദായത്തിനും വളരെ വ്യക്തമായ സ്വാധീനമുള്ള മണ്ഡലം എന്ന നിലയ്ക്കു, ഈ വിഭാഗങ്ങളുടെ പ്രത്യക്ഷമായ രാഷ്ട്രീയ നിലപാടുകള്‍ ഏറ്റവും തെളിഞ്ഞു കാണുന്നതു ഇവിടെയായിരിക്കും. തുടര്‍ന്നു വരുന്ന തദ്ദേശ-സ്വയം ഭരണ തിരഞ്ഞെടുപ്പകളെ ഇതു വ്യക്തമായി സ്വാധീനിക്കുകയും ചെയ്യും.

2. അതുകൊണ്ട്‌ തന്നെ കോട്ടയത്തെ ഒരു നല്ല പ്രകടനം, ഈ മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന ഭരണവിരുദ്ധ വികാരത്തിന്‌ ഒരു തടയിടാന്‍ ഇടതുമുന്നണിക്ക്‌ അത്യാവശ്യമാണ്‌.

3. കേരളാ കോണ്‍ഗ്രസ്സുകളുടെ സ്വന്തം തട്ടകം എന്ന നിലയിലും കോട്ടയം ശ്രദ്ധാകേന്ദ്രമാകും. പ്രത്യേകിച്ചു, വിവിധ കേ.കോ. ഗ്രൂപ്പുകള്‍ , മുമ്പെങ്ങുമില്ലാത്ത വിധം അടുപ്പത്തിലും സഹകരണത്തിലും പ്രവര്‍ത്തിക്കുന്ന ഈ കാലത്ത്‌.


മൂവാറ്റുപുഴ സീറ്റ്‌ ഇനിമുതലില്ല എന്നതിനാല്‍ കോട്ടയത്ത്‌ മാണി- കോണ്‍ഗ്രസായിരിക്കും മല്‍സരിക്കുക എന്നുള്ളത്‌ ഏതാണ്ടുറപ്പാണ്‌.പുതുതായി കൂട്ടിചേര്‍ത്ത പാലാ, പിറവം എന്നീ മണ്ഡലങ്ങള്‍ കേരളാ കോണ്‍ഗ്രസ്സുകളുടെ ശക്തികേന്ദ്രങ്ങളാണ്‌ എന്നതും ഇതിനു സാധ്യത കൂട്ടുന്നു.കത്തോലിക്കാ സഭയുടെ പ്രത്യക്ഷമായ പിന്തുണയോടെ മാണി കോണ്‍ഗ്രസ്സില്‍ നിന്നാരു മല്‍സരിച്ചാലും ജയസാധ്യത പതിവിലും വളരെ കൂടുതലാണ്‌.

പക്ഷേ ഇവിടെയും ഇടതു പക്ഷത്തിനൊരല്‍പ്പം പ്രതീക്ഷ ബാക്കിയുണ്ട്‌. അതിലൊന്നു ആദ്യം പറഞ്ഞ കോട്ടയത്തിന്റെ ചരിത്രമാണ്‌. ജയം ഉറപ്പിച്ച പലരെയും പൊട്ടിച്ചു കയ്യില്‍ കൊടുത്ത പാരമ്പര്യം കോട്ടയത്തിനുണ്ട്‌.ഒപ്പം, ജോസ്‌.കെ.മാണി വീണ്ടും മല്‍സരിക്കാനൊരുങ്ങുന്നു, അഥവാ മല്‍സരിപ്പിക്കാന്‍ മാണി സാര്‍ ഒരുക്കുന്നു എന്ന വാര്‍ത്തകളും. മാണി സാറിനോടുള്ളതിന്റെ നൂറിലൊന്നുപോലും താല്പ്പര്യം മാണീപുത്രനോടു പുള്ളിയുടെ പാര്‍ട്ടിക്കാര്‍ക്കില്ല എന്നതു 2004-ല്‍ തെളിഞ്ഞതാണല്ലോ. വീണ്ടും ഒരിക്കല്‍ കൂടി മാണി സാര്‍ ആ റിസ്കെടുത്താല്‍ , ഇടതുമുന്നണിക്കു വളരെ നല്ല പ്രതീക്ഷകള്‍ക്കു വകയുണ്ട്‌.

ക്നാനായ സമുദായത്തിനു, പ്രത്യേകിച്ചു ക്നാനായ കത്തോലിക്കര്‍ക്കു മുന്‍തൂക്കമുള്ള കോട്ടയം മണ്ഡലത്തില്‍ , ആ സമുദായത്തില്‍പെട്ട ഒരു ഇടതു സ്വതന്ത്രനെ നിറുത്താന്‍ ഇടതുമുന്നണിക്കു കഴിഞ്ഞാല്‍, ഇപ്പോള്‍ നിലവിലുള്ള യു.ഡി.എഫിന്റെ മുന്‍തൂക്കം ഇല്ലാതാക്കാന്‍ അവര്‍ക്കു കഴിയും. ജോസഫ്‌ ഗ്രൂപ്പുകാരനായ മുന്‍ എം.എല്‍.എ ശ്രീ.ഇ.ജെ.ലൂക്കോസ്‌ വളരെ വിജയസാധ്യതയുള്ള ഒരു പേരായിരിക്കും.

കേരള രാഷ്ട്രീയത്തിലെ ചാണക്യനായ മാണി സാര്‍ ഇതു മുന്നില്‍ കണ്ട്‌, ഏറ്റുമാനൂര്‍ എം.എല്‍.എ ശ്രീ.തോമസ് ചാഴിക്കാടനെയോ, യൂത്ത്‌ഫ്രണ്ട്‌ മുന്‍ സംസ്ഥാന നേതാവും ജോസ്‌.കെ.മാണിയുടെ അടുത്ത ആളുമായ ജെയിംസ്‌ തെക്കനാടനെയോ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചാല്, കോട്ടയം ഇടതുമുന്നണിക്കു നഷ്ടകാകും , നൂറു തരം!

Monday, August 11, 2008

കേരളാ കോണ്‍ഗ്രസ്സ് പിളര്‍പ്പിലേയ്ക്കു...

നെല്ലു കുത്തിയാല്‍ അരി, അരി വെന്താല്‍ ചോറു എന്നു പറയുന്നതുപോലെയുള്ള ഒരു സാധാരണ പ്രതിഭാസമാണല്ലോ മേല്‍പ്പറഞ്ഞതു, അതിത്ര പറയാനെന്തിരിക്കുന്നു എന്നു ചിന്തിക്കുന്നവരെ കുറ്റം പറയാന്‍ പറ്റില്ല. എന്നിരിക്കിലും, ശ്രീ പി.ജെ.ജോസഫിന്റെ കേരളാ കോണ്‍ഗ്രസ്സിനെ പറ്റിയാണ്‌ ഞാന്‍ പറയുന്നതു.

ആളാം വീതം മുറിച്ചു മുറിച്ചു ഒടുക്കം മിച്ചം വന്ന കഷണമാണെങ്കിലും ഔദ്യോഗികമായി ഇപ്പോഴും ഒര്‍ജിനല്‍ കേ.കോ. ശ്രീ ജോസഫിന്റെ പാര്‍ട്ടി തന്നെ. പള്ളിയേയും പട്ടക്കാരനേയും [ പട്ട ഷാപ്പുകാരെനയല്ല കേട്ടോ!] തള്ളിപ്പറഞ്ഞിട്ടു ചാടിക്കോടാ ഔസ്സേപ്പേ എന്നു നമ്പൂതിരിപ്പാടു പറഞ്ഞപ്പോ ചാടിയിറങ്ങി ഇടതനായി.

നിലവില്‍ 4 നിയമസഭാസാമാജികരും 2 പാര്‍ലമെന്റ് അംഗങ്ങളും പാര്‍ട്ടിക്കുണ്ട്‌.

മക്കളെ രാഷ്ട്രീയം പഠിപ്പിക്കാത്ത ചുരുക്കം കേ.കോ നേതാക്കളില്‍ ഒരാളായിരുന്നു പി.ജെ. അതിന്റേതായ ചില്ലറ അച്ചടക്കം പാര്‍ട്ടിക്കുണ്ടായിരുന്നു താനും.പി.സി. ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പിളര്‍പ്പൊഴിച്ചാല്‍ ചെയ്‌ര്‍മാനെതിരേ വലിയ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ തലേ വരച്ചതു മാറിപോകില്ലല്ലോ. കേരള കോണ്‍ഗ്രസ്സിന്റെ സ്ഥാപക നേതാവു പി.ടി.ചാക്കോയുടെ മകന്‍ പി.സി.തോമസാണു ഒരു തലവേദനയായി ഒപ്പം കൂടിയിരിക്കുന്നതു. പണ്ടു പി.സി. ജോര്‍ജ്ജിനെ തത്തിച്ചു കഴിഞ്ഞപ്പോ ഇനി മാണി സാറുമായി ലയിക്കും എന്നു കേട്ടിരുന്നതാണു. 'കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും' എന്നു പറഞ്ഞ പോലെ ഒരു പി.സി. പോയപ്പോ വേറൊരു പി.സി വന്നു.അദ്ദേഹം ഇപ്പൊ കൊടികെട്ടിയ മാണി-വിരോധിയും. [ പി.സി.തോമസ്‌ ഒരു കാലത്തു മാണിയുടെ മാനസപുത്രനായിരുന്നു എന്നതും, പി.സി.ജോര്‍ജ്ജിപ്പോ "മാണി സാറേ" എന്നു തികച്ചു വിളിക്കില്ല എന്നതും കേ.കോ രാഷ്ട്രീയത്തിലെ കൌതുകകരമായ കാര്യങ്ങള്‍ മാത്രം.

പി.സി.യുടെ അതിരു കടന്ന കര്‍ഷകപ്രേമമാണു പുള്ളിയെ മാണി സാറിന്റെ കണ്ണിലെ കരടാക്കിയതും, പിന്നീടു ജോസ്‌.കെ.മാണിയുടെ വരവോടെ പുറത്തു ചാടിച്ചതും. അതേ കര്‍ഷകന്റെ പേരില്‍ പി.സി. അടുത്ത അങ്കത്തിനു കോപ്പു കൂട്ടുന്നു. കോട്ടയം പാര്‍ലമന്റ്‌ സീറ്റ്‌ മാണി സാര്‍ അടിച്ചെടുക്കുമെന്നും, ഉയര്‍ന്ന വിജയ സാധ്യത പരിഗണിച്ചു മകന്‍ ജോസ്‌.കെ.മാണി തന്നെ മല്‍സരിക്കുമെന്നും ഊഹിക്കാമെന്നിരിക്കെ, പാര്‍ട്ടി ചിഹ്നത്തില്‍ ഒരാളെ മല്‍സരിപ്പിക്കാന്‍ സി.പി.എം. തീരുമാനിക്കും എന്നു തോന്നുന്നില്ല. മാണി സാറിന്റെ നിയന്ത്രണത്തില്‍ നിലനില്‍ക്കുന്ന കേ.കോ. സംയുക്ത സമിതിയിലേയ്ക്കു പി.ജെ.ജോസഫു കൂടി പോയാല്‍ പിന്നെ സാക്ഷാല്‍ സ: സുരേഷു കുറുപ്പിനു പോലും കോട്ടയത്ത്‌ ഇത്തവണ പിടിച്ചു നില്‍കാനാവില്ല. [ പുതുപ്പള്ളി + പാലാ + പിറവം + ഏറ്റുമാനൂര്‍ + കടുത്തുരുത്തി !]അതുകൊണ്ടു തന്നെ ഇടതു പക്ഷ സഹയാത്രികനായി ഒരു കത്തോലിക്കനെ രംഗത്തിറക്കാന്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കു താല്‍പര്യമുണ്ടാകും എന്നതു മുതലെടുക്കാനാണ്‌ പി.സി.ശ്രമിക്കുന്നതു എന്നു പലരും പറഞ്ഞു കേട്ടു. പക്ഷേ ഇതാണു മൂല കാരണമെങ്കില്‍ ഇടുക്കിയോടൊപ്പം കോട്ടയവും ജോസഫ്‌ ഗ്രൂപ്പിനു അങ്ങു കൊടുത്താല്‍ ഈ പ്രശ്നം തീരണമല്ലോ.

അപ്പോ അതൊന്നുമല്ല ശരിയായ പ്രശ്നം. കേ.കോ-കളുടെ സമ്പൂര്‍ണ്ണ ലയനത്തിനു പി.ജെ.ജോസഫു തയ്യാറായിക്കഴിഞ്ഞു എന്നാണു ഞാന്‍ മനസ്സിലാക്കുന്നതു. പക്ഷേ അതു സംഭവിച്ചാല്‍ പി.സി.തോമസിന്റെ ഭാവി അതോടെ തീരും. അപ്പോ പിളര്‍ന്നു പുറത്തു പോരുക, എന്നിട്ടു ജോസഫിനു പകരം ഇടതു മുന്നണിയില്‍ കയറുക എന്നതു മാത്രമേ അവശേഷിക്കുന്നുള്ളൂ.

പക്ഷേ ഇവിടെയും ഒരു പ്രശ്നമുണ്ടു. ഒരു പിളര്‍പ്പിലൂടെ പി.സി. പുറത്തു പോകുകയും, കേ.കോ . സഹോദരന്‍മാരെലാം ഒന്നിക്കുകയും ചെയ്താല്‍ അതോടെ രണ്ടാം നിര നേതാക്കളുടെ മന്ത്രികുപ്പായ പ്രതീക്ഷകള്‍ അസ്തമിക്കും. [അഞ്ചു നേതാക്കന്‍മാരും മന്ത്രിമാരാകണമെങ്കില്‍ പോലും, കുറഞ്ഞതു ഒരു 25 സീറ്റ് ജയിക്കണം. ].കോട്ടയത്തെ പാര്‍ട്ടി കമ്മിറ്റിയില്‍ പി.സി.-ക്കെതിരേ നടപടി പാടില്ല എന്നു മോന്‍സ്‌ പറഞ്ഞതിന്‌ ഇതുമൊരു കാരണമാകാം. ഇനി ഇതൊന്നുമല്ലെങ്കിലും, ഭാഗ്യം കൊണ്ടും മാത്രം [ സീനിയര്‍ നേതാക്കളുടെ കയ്യിലിരിപ്പിന്റെയും!] കിട്ടിയ മന്ത്രി സ്ഥാനം കുറച്ചു നാളു കൂടിയെങ്കിലും അനുഭവിക്കണം എന്ന വളരെ ന്യായമായ ആഗ്രഹവുമായിരിക്കാം.

രസകരമായ പല നാടകങ്ങള്‍ക്കും പാര്‍ട്ടിയുടെ കോട്ടയത്തുള്ള സംസ്ഥാന കമ്മിറ്റി ആപ്പീസ്‌ വേദിയാകുമെന്നതില്‍ തര്‍ക്കമില്ല. പ്രാദേശിക പാര്‍ട്ടി എന്നാണു പേരെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെ പോലും നിയന്ത്രിച്ചു നടക്കുമ്പോള്‍, കേ.കോ -മാര്‍ക്ക്‌ പാളയത്തില്‍ പട തീര്‍ന്നിട്ടു സമയമില്ല.


കാത്തിരുന്നു കാണാം!

മാഗ്നാകാര്‍ട്ടാ

രാഷ്ട്രീയക്കാരനാകണമെന്നായിരുന്നു ഒരു കാലത്തെ ഏറ്റവും വലിയ ആഗ്രഹം.[ ഇപ്പോഴും അതില്‍ മാറ്റമൊന്നുമില്ല]. പത്താം ക്ലാസ്സ്‌ കഴിഞ്ഞാല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ പ്രീ-ഡിഗ്രിയും ഡിഗ്രിയും പഠിക്കണമെന്നും, അവിടെ ഒരു വിദ്യാര്‍ത്ഥി നേതാവാകണമെന്നുമൊക്കെ ഞാന്‍ പറയുന്നതു കേട്ടിട്ടു അമ്മ പേടിച്ചുപോയിട്ടുണ്ട്‌. ഒരു പക്ഷേ നടന്നു പോയേനേ, പ്രീ-ഡിഗ്രി നിര്‍ത്തലാക്കിയില്ലായിരുന്നെങ്കില്‍. അവിടെയാണ്‌ പ്ലാനുകളൊക്കെ മാറി മറിഞ്ഞതു.

ആ പോട്ട്‌! അതിനി പറഞ്ഞിട്ടു കാര്യമില്ലല്ലോ. പക്ഷേ പരിപാടി മുഴുവനായും ഞാന്‍ ഉപേക്ഷിച്ചിട്ടില്ല. കുടുംബത്തില്‍ കഞ്ഞി വെച്ചു കുടിക്കാനുള്ളതുണ്ടാക്കിക്കഴിഞ്ഞിട്ടു ഞാന്‍ ഒന്നു ശ്രമിക്കും. ഒരു എം.പി. എങ്കിലും ആകണം, മെമ്പര്‍ ഓഫ്‌ പഞ്ചായത്ത്‌. അതിലേയ്ക്കുള്ള ആദ്യപടിയാണിത്‌. എന്റെ രാഷ്ട്രീയ നിലപാടുകളും പ്രതികരണങ്ങളും ഞാന്‍ ഇവിടെ പ്രകടിപ്പിക്കുന്നു.

തെറ്റുകളുണ്ടാകാം. ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ ഒരു മടിയുമില്ല. ആപേക്ഷികമായ ശരികളും തെറ്റുകളും ചര്‍ച്ച ചെയ്യാനും ഞാന്‍ തയാര്‍.

പക്ഷേ ഇതൊക്കെ നടക്കണമെങ്കില്‍ ആദ്യം ഇതാരേലും വായിക്കണമല്ലോ..!!