Sunday, March 29, 2009

ലോകസഭാ തിരഞ്ഞെടുപ്പ്‌- 2009 | 3. കൊല്ലം

കൊല്ലത്ത്‌ ഒരു പാടു പുകയുന്നുണ്ട്‌ എന്നു വേണം കരുതാന്‍. രണ്ടു മുന്നണികളും ചില്ലറ പ്രശ്നങ്ങളൊക്കെ അടച്ചൊതുക്കി വെച്ചെങ്കിലും അതൊക്കെ താഴേതട്ടിലെത്തിയോ എന്നു സംശയം.

സി.പി.എമ്മിന്റെ ജില്ല സമ്മേളനത്തോടനുബന്ധിച്ചുണ്ടായ പ്രശ്നങ്ങള്‍ പോളിറ്റ്-ബ്യൂറോ വരെ ചെന്നു. സി.പി.എം-സി.പി.ഐ ഉരസലുകള്‍ നടന്ന പ്രധാന സ്ഥലങ്ങളിലൊന്ന്‌ കൊല്ലമാണ്‌. പിന്നെ മുറുമുറുക്കുന്ന ആര്‍.എസ്‌.പി - ഇതു ഇടതുപക്ഷത്തെ കഥ.

കരുണാകര വിഭാഗത്തിനൊപ്പം എന്നും നിലകൊണ്ടിട്ടുള്ള കൊല്ലത്തെ കോണ്‍ഗ്രസ്സുകാരുടെ തലപ്പത്തിപ്പോ, ഒരു കാലത്ത്‌ കരുണാകരന്റെ സ്വന്തം ആളുകളായിരുന്ന , പിന്നീടു കൂറു മാറി പാര്‍ട്ടിക്കൊപ്പം നിന്ന ചില മുഖങ്ങളാണ്‌. ലീഡറുടെ നിഴലായ പീതാംബരക്കുറുപ്പ്‌ അങ്കത്തിനിറങ്ങുമ്പോള്‍ ഇവരുടെ നിലപാടുകളെന്തായിരിക്കും?


പോളിറ്റ്‌ ബ്യൂറോ സി.പി.എമ്മിന്റെ ക്യാബിനറ്റ്‌ ആണെങ്കില്‍, കണ്‍ട്രോള്‍ കമ്മീഷന്‍ സുപ്രീം കോടതിയാണ്‌. അപ്പോള്‍ അതില്‍ അംഗമാവുക എന്നാല്‍ , പാര്‍ട്ടിക്കുള്ളില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊനാണത്‌. ആ ഗ്ലാമറോടെയാണ്‌ പി.രാജേന്ദ്രന്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌. ആര്‍.എസ്‌.പി-യില്‍ നിന്നും പിടിച്ചെടുത്തു വിജയിച്ച കൊല്ലം രാജേന്ദ്രനെ പിന്നീടു കൈ വിട്ടിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ അംഗീകാരം, പാര്‍ട്ടി വരമ്പുകള്‍ക്കപ്പുറത്തേയ്ക്ക്‌ വളരുന്ന സ്വാധീനം - ഇതെല്ലാം പുള്ളിയെ ഒരു 'പൊതുസമ്മത' സ്ഥാനാര്‍ത്ഥിയാക്കുന്നു.

കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ എനിക്കിഷ്ടപ്പെട്ട ചുരുക്കം പേരുകളിലൊന്നു കൊല്ലത്തു മല്‍സരിക്കുന്ന പീതാംബരക്കുറുപ്പിന്റേതാണ്‌.കേരളത്തിലെ കോണ്‍ഗ്രസ്സുകാര്ക്ക്‌ കെ.കരുണാകരന്‍ എന്ന നേതാവ്‌ എന്തായിരുന്നു എന്നു കുറുപ്പു പറഞ്ഞു തരും. പാര്‍ട്ടിയോടുള്ളതിനേക്കാള്‍ കൂറു നേതാവിനോടാകുന്നത്‌, ഒരു കാലത്തു പാര്‍ട്ടി എന്നാല്‍ ഈ നേതാവായിരുന്നത്‌ കൊണ്ടാണെന്നു കുറുപ്പ്‌ പല തവണ പറഞ്ഞിട്ടുണ്ട്‌. അടി പതറാത്ത ആ വിശ്വസ്തതയ്ക്കു പകരമായി ലീഡര്‍നേരിട്ടിടപെട്ടാണ്‌ കൊല്ലം സീറ്റ്‌ മേടിച്ചുകൊടുത്തത്‌. 17 പേരില്‍ ലീഡറുടെ സ്ഥാനാര്‍ത്ഥി എന്നു തറപ്പിച്ചു പറയാവുന്നതും ഈ ഒരെണ്ണം മാത്രം.

കുറുപ്പിന്റെ പ്രസംഗത്തെപറ്റി കൂടി പറയേണ്ടതുണ്ട്‌. സോണിയാ ഗാന്‌ധി കോണ്‍ഗ്രസ്സ്‌ അദ്ധ്യക്ഷപദം ഏറ്റെടുത്ത ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോള്‍ അവരെ കാണാന്‍ വലിയ ജനക്കൂട്ടം തടിച്ചുകൂടുകയുണ്ടായി. ഇതിനെപറ്റി അന്നു മുഖ്യമന്ത്രി ആയിരുന്ന ഇ.കെ.നായനാര്‍ തന്റെ തനത്‌ രീതിയില്‍ " അവരെല്ലാം സോണിയാ ഗാന്ധിയുടെ സാരി കാണാന്‍ പോയതാടോ" എന്നൊരു കമന്റും പാസാക്കി. പിറ്റേന്നു അതിനു കുറുപ്പിന്റെ മറുപടി : " അത്ര ഉറപ്പാണേല്‍ അതേ സാരിയുടുപ്പിച്ചു ശാരദ ടീച്ചറിനെ ഒരു ചടങ്ങില്‍ പങ്കെടുപ്പിക്കട്ടെ. ആളു കൂടുമോ എന്നറിയാമല്ലോ..". ഇത്രയും ചങ്കൂറ്റമുള്ള ഒരു മറുപടി മറ്റൊരു കോണ്‍ഗ്രസ്സ്‌ നേതാവും നായനാരോടു പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല!

കൊല്ലംകാര്‍ക്കു ഒരു നല്ല മല്‍സരം കാണാം.

7 comments:

The Common Man | പ്രാരബ്ധം said...

ലോകസഭാ തിരഞ്ഞെടുപ്പ്‌- 2009 | 3. കൊല്ലം

വിന്‍സ് said...

Great!!! Simply great!!! I hope Kuruppu cheettan will win.

Loyalty = Kuruppu Cheettan

വായന said...

പക്ഷം വയിച്ചെടുക്കാനാവാത്ത ലേഖനം... ഇത്‌ അഭിനന്ദനവും വിമര്‍ശനവുമാണ

പാവപ്പെട്ടവൻ said...

അത്ര ഉറപ്പാണേല്‍ അതേ സാരിയുടുപ്പിച്ചു ശാരദ ടീച്ചറിനെ ഒരു ചടങ്ങില്‍ പങ്കെടുപ്പിക്കട്ടെ. ആളു കൂടുമോ എന്നറിയാമല്ലോ..". ഇത്രയും ചങ്കൂറ്റമുള്ള ഒരു മറുപടി മറ്റൊരു കോണ്‍ഗ്രസ്സ്‌ നേതാവും നായനാരോടു പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല!
അത് കൊണ്ട് തന്നെ p. രാജേന്ദ്രന്‍ വിജയം ഉറപ്പിക്കും

A Cunning Linguist said...

കൊല്ലംകാരൊന്നും ഇങ്ങനെയൊരു മനുഷ്യനെ പറ്റി കേട്ടിട്ടില്ല. രാജേന്ദ്രനാകട്ടെ 10 വര്‍ഷത്തിലേറെയായുള്ള പ്രവര്‍ത്തനപരിചയവും.

Joe Cheri Ross said...

Damn Good. Good unbiased analysis.

Unknown said...

very good buddy

fayis kp

http://www.gulfclients.com