Sunday, May 17, 2009

തിരഞ്ഞെടുപ്പിന്റെ പുകയടങ്ങുമ്പോള്‍

ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം പുറത്തു വന്ന ലോകസഭ തിരഞ്ഞെടുപ്പു ഫലം പലരുടെയും അനുമാനങ്ങള്‍ ശരി വെച്ചിരികുന്നു, ചിലരുടെ കണക്കുകളില്‍ ചെറിയ പാളിച്ചകള്‍ കാണുന്നു, അതു ചര്‍ച്ച ചെയ്യാന്‍ യോഗങ്ങള്‍ നടക്കുന്നു. അകെപ്പാടെ ജഗപൊഗ!



കേരളത്തിലെ ഫലം പുറത്തു വന്നപ്പോള്‍ നേടിയവരാരൊക്കെ... വാടിയവരാരൊക്കെ.... എന്റെ ചില നിരീക്ഷണങ്ങള്‍:


നേടിയവര്‍
------------------

1. കെ.പി.ധനപാലന്,‍എന്‍.പീതാംബരക്കുറുപ്പ്‌

വൈകി വന്ന അംഗീകാരം. പാര്‍ട്ടിയോടും നേതാവിനോടുമുള്ള [യഥാക്രമം] വിധേയത്വത്തിനു ഒടുവില്‍ പ്രതിഫലം.

2. മുസ്ലിം ലീഗ്‌

മലപ്പുറത്തു കൈമോശം വന്നു എന്നു കരുതിയിരുന്ന പ്രതാപം തിരിച്ചുപിടിച്ചിരിക്കുന്നു. യു.ഡി.എഫിന്റെ നയങ്ങളിലും തീരുമാനങ്ങളിലും ഇനി പഴയ മേല്‍ക്കോയ്മ അവകാശപ്പെടാം. ലീഗിന്റെ ചിലവില്‍ ആളു കളിക്കുന്ന ആര്യാടന്‍മാരെപ്പോലെയുള്ളവര്‍ക്കിനി തല്‍ക്കാലം നാവടക്കാം.

3. എം.പി.വീരേന്ദ്രകുമാര്‍

മല്‍സരിക്കാതെ വിജയിച്ച വീരന്‍മാരില്‍ പ്രമുഖന്‍. വയനാട്ടിലെ യു.ഡി.എഫിന്റെ ജയത്തിലും, വടകര,കോഴിക്കോട്‌ എന്നിവിടങ്ങളിലെ എല്‍ഡി.എഫിന്റെ പരാജയങ്ങളിലും വ്യക്തമായ സ്വാധീനമുണ്ടെന്നു ധൈര്യമായി അവകാശപ്പെടാം. ലീഗും, മാണി കോണ്‍ഗ്രസ്സും കഴിഞ്ഞാല്‍ യു.ഡി.എഫിലെ പ്രധാന കക്ഷിയായി ചേരാനുള്ള അവസരം. അങ്ങനെ വരുമ്പോള്‍ യു.ഡി.എഫിന്റെ പ്രധാന ദേശീയ നേതാവായി തന്നെ വീരന്‍ മാറും. ഇനി ഇതൊന്നും നടന്നില്ലെങ്കിലും കേരളത്തിലെ ദളിന്റെ കതിര്‍ക്കറ്റ വീരന്റെ കയ്യില്‍ തന്നെ ഇരിക്കും.

4. എം.ഐ.ഷാനവാസ്‌

തോല്‍വികളുടെ നീണ്ട ചരിത്രങ്ങള്‍ക്കു ശേഷം തകര്‍പ്പന്‍ ജയം. " ആരാടാ ഈ എം.ഐ.ഷാനു, തോല്‍ക്കാനായി ജനിച്ചവനോ" എന്ന പതിവു മുദ്രാവാക്യങ്ങള്‍ക്കു ചുട്ട മറുപടിയായി വയനാടന്‍ ജനത സമ്മാനിച്ചത്‌ കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷം. കേന്ദ്രത്തില്‍ ഒരു മന്ത്രിസ്ഥാനത്തിനിടിക്കാന്‍ ഇതു കൂടുതല്‍ പ്രചോദനമാകും.

5. എം.ബി.രാജേഷ്‌, പി.കെ.ബിജു

പാര്‍ട്ടിക്കേറ്റ കനത്ത തോല്‍വിക്കിടയിലും , വ്യക്തിപരമായി രാജേഷിനും ബിജുവിനും മുതലെടുക്കാവുന്ന ഒരു സാഹചര്യാമാണ്‌ വരാന്‍ പോകുന്നതു. ശുഷ്കമായ പാര്‍ട്ടി എം.പി.മാര്‍ക്കിടയില്‍ നിന്നും ദേശീയതലത്തിലേയ്ക്കു വളരാന്‍ പറ്റിയ മികച്ച അവസരം. ഡെല്‍ഹി രാഷ്ട്രീയത്തില്‍ സി.പി.എം കേരള ഘടകത്തെ പ്രതിനിധീകരിച്ചിരുന്ന മുഖങ്ങളെല്ലാം തന്നെ കൂടാരം കയറിയപ്പോള്‍ , മികച്ച വാഗ്മികളായ രാജേഷും ബിജുവും ആ കുറവ്‌ നികത്തിയേ പറ്റൂ.


വാടിയവര്‍:


1. പിണറായി വിജയന്‍ , പാര്‍ട്ടി കേരള ഘടകം

കൂടുതല്‍ പറയേണ്ടതില്ലല്ലോ.

2. എല്‍.ഡി.എഫ്‌.

ഇടതു പക്ഷ ജനാധിപത്യ മുന്നണി രൂപംകൊണ്ടതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയുടെ ദിനങ്ങളായിരിക്കണം വരുന്നത്‌. കനത്ത തോല്‍വിക്ക്‌ പരസ്പരം പഴി ചാരിക്കൊണ്ട്‌ നേതാക്കള്‍ രംഗത്തിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

3. ജനതാദള്‍ വിമതര്‍

ഒന്നും മിണ്ടാതെ വേഗം തിരിച്ചു ചെന്നാല്‍ ചിലപ്പോ അത്താഴമെങ്കിലും കിട്ടും. [ മാത്യു.ടി.തോമസ്‌ അറിഞ്ഞു പ്രവര്‍ത്തിച്ച പത്തനംതിട്ടയില്‍ ഭൂരിപക്ഷം ഒരു ലക്ഷത്തിപ്പതിനോരായിരം!]

4. കെ.മുരളീധരന്‍.

നോ കമന്റ്സ്‌.

5. പി.ഡി.പി, അബ്ദു നാസര്‍ മദനി

മുഖ്യാധാരാ രാഷ്ട്രീയത്തിലേയ്ക്കുള്ള അരങ്ങേറ്റം പാളി. ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെല്ലാം അതിജീവിച്ചു തിരിച്ചുവരുമ്പോ താങ്ങാന്‍ എതേലും മുന്നണി തയാറാകുമോ എന്നതു കണ്ടു തന്നെ അറിയണം.

5 comments:

The Common Man | പ്രാരബ്ധം said...

ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം പുറത്തു വന്ന ലോകസഭ തിരഞ്ഞെടുപ്പു ഫലം പലരുടെയും അനുമാനങ്ങള്‍ ശരി വെച്ചിരികുന്നു, ചിലരുടെ കണക്കുകളില്‍ ചെറിയ പാളിച്ചകള്‍ കാണുന്നു, അതു ചര്‍ച്ച ചെയ്യാന്‍ യോഗങ്ങള്‍ നടക്കുന്നു. അകെപ്പാടെ ജഗപൊഗ!



കേരളത്തിലെ ഫലം പുറത്തു വന്നപ്പോള്‍ നേടിയവരാരൊക്കെ... വാടിയവരാരൊക്കെ.... എന്റെ ചില നിരീക്ഷണങ്ങള്‍:

കടത്തുകാരന്‍/kadathukaaran said...

1. അഴിമതിക്കെതിരേയുള്ള ജനങ്ങളുടെ വിധിയെഴുത്ത്.. കക്കാനും നില്‍ക്കാനും ശരിയാം വിധം അറിയാത്ത യു ഡി എഫിന്‍റെ സ്ഥാനത്ത് കക്കാനും നില്‍ക്കാനും നില്‍പ്പില്‍ പിഴവ് വന്നാല്‍ അന്വാഷണം തടയാനും അറിയാവുന്ന പിണറായിക്കും, മെര്‍ക്കിസ്റ്റണ്‍, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പും എന്തിന്‍ എഴുപത്തിയഞ്ചു ശതമാനം പഞ്ചായത്തുകളും ഭരിക്കുന്ന എല്‍ ഡി എഫ് പഞ്ചായത്തുകളില്‍ ഭൂരിപക്ഷവും അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണെന്ന് വെളിപ്പെടുത്തിയതും പാലൊളി തന്നെയാണ്. ഇങ്ങനെയുള്ള അഴിമതിക്കെതിരെയുള്ള വിധിയെഴുത്താണ്.
2. അഹങ്കാരത്തിനെതിരെയുയുള്ള ജനങ്ങളുടെ മധുര പ്രതികാരം. എന്തു കാണിച്ചാലും എന്തു ആരെ പറഞ്ഞാലും ഒരാളും ചോദിക്കാനില്ല എന്ന അഹങ്കാരമാണ്‍ സിപി എമ്മിനെ ഈ വന്‍ പരാജയത്തിലേക്കെതിച്ചത്. മതാദ്ധ്യക്ഷന്മാരെയും പ്രതിപക്ഷ നേതാക്കളേയും അധിക്ഷേപിക്കുകയും സ്വന്തം മുന്നണിയില്‍ തന്നെ വല്യേട്ടന്‍ മനോഭാവം കാട്ടി മറ്റു പാര്‍ട്ടിക്കാരെ ചവിട്ടി പുറത്താക്കുകയും ജനങ്ങളെ വെല്ലുവിളിക്കുകയും ചെയ്തവര്‍ക്കുള്ള മറുപടി.
3.അക്രമത്തിനെതിരേയുള്ള ജനങ്ങളുടെ താക്കീത്. സി പി എമ്മിന്‍ ഭൂരിപക്ഷമുള്ളയിടങ്ങളില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവധിക്കാതിരിക്കുകയും തങ്ങളുടെ പാര്‍ട്ടിയിലുള്ളവര്‍ക്കു തന്നെ രാഷ്ട്രീയ നിലപാടുകളില്‍ പ്രതിഷേധിച്ച പാര്‍ട്ടി വിട്ട് പോകുവാനുള്ള അവകാശം നിഷേധിക്കുകയും അവരെ ആക്രമിക്കുകയും വധിക്കുകയും അവരുടെ കുടുംബങ്ങളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ഫാസിസത്തിനെതിരെ... ജനങ്ങളുടെ താക്കീത്.
4. വര്‍ഗ്ഗീയ-അവസരവാദ നിലപാടുകള്‍ക്കെതിരെ... പി ഡി പി ജമാത്തെ ഇസ്ലാമി തുടങ്ങിയ കക്ഷികളുമായും ഉമാ ഉണ്ണിയുടെ ജനപക്ഷവുമായുള്ള ധാരണയും ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രീണനവും സ്വന്തം മുന്നണിയിലുള്ളവരെ പോലും പത്ത് വോട്ടിന്‍ വേണ്ടി കറിവേപ്പിലയാക്കുന്ന വര്‍ഗ്ഗീയ-അവസരവാദ ഭിന്നിപ്പിച്ച് ഭരിക്കല്‍ നയത്തിനെതിരേയുള്ള ജനങ്ങളുടെ ജനവിധി...
5. ഭരണത്തിലേറി മൂന്നു വര്‍ഷമായിട്ടും പരസ്പരം പാരവെപ്പും വികസനത്തോട് പിന്തിരിഞ്ഞ് നില്‍പ്പും ജനക്ഷേമപരമായ കേന്ദ്ര പദ്ധതികള്‍ പോലും നടപ്പാക്കുന്നതിലുള്ള സംസ്ഥാന ഗവണ്മെന്‍റെന്‍റെ കഴിവില്ലായ്മയും ഇടതുപക്ഷത്തിന്‍റെ പരാജയത്തിന്‍ ആക്കമേറ്റി.
6. പാവപ്പെട്ടവനോടും ദളിതുകളടക്കമുള്ളവരോടുമുള്ള പാര്‍ട്ടിയുടേയും സംസ്ഥാനഭരണകര്‍ത്താക്കളുടേയും നിഷേധാത്മകമായ നിലപാടുകള്‍ ഏതാണ്ട് പാര്‍ട്ടിയെ ദളിത് ന്യൂനപക്ഷങ്ങളെ ഏറെ അകറ്റി.

പാര്‍ട്ടിപരമായ ഒരു മെക്കാനിസം യു ഡി എഫിന്‍ ഇല്ലാതിരുന്നിട്ടും ഇടതുപക്ഷത്തോടുള്ള വിരോധവും കേന്ദ്ര ഭരണത്തിന്‍റെ മേന്മയും ഇപ്പോഴത്തെ കേരളഭരണം മുന്‍ യു ഡി എഫിന്‍റെ ഭരണത്തിന്‍റെ ഏഴ് അയല്‍പക്കത്ത് എത്താതിരുന്നതും പരാജത്തിന്‍റെ ആമുഖ കാരണങ്ങളാണ്.

chithragupthan said...

1. പ്രാരാബ്ധം എന്നെഴുതിക്കണ്ടു. അതു ശരിയല്ല. പ്രാരബ്ധം ആണു ശരി.
2. മാർക്സിസ്റ്റ് വിരോധവോട്ടുകൾ മൂന്നു ചേരികളിലായി വിഭജിക്കപ്പെട്ടതുകൊണ്ടാണു രാജെഷ് ജയിച്ചതു.എല്ലാവരും ഒരുമിച്ചെതിർത്തിട്ടും മൂന്നക്കഭൂരിപക്ഷത്തിനു മാത്രം തോറ്റ കൊഴിക്കോട്ടെ റിയാസാണു (ഫാരിസ് ബിനാമി-പഏയ്മെന്റ് സീറ്റ്)എന്റെ കണക്കിൽ മാർക്സിസ്റ്റ് പാർട്ടിക്ക് പ്രതീക്ഷകളർപിക്കാവുന്ന താരം.

chithragupthan said...

കേളപ്പനെ ഓർമ്മയുണ്ടോ? ഗാന്ധിജിയുടെ കൂടെ കുറച്ചുകാലം നടന്നപ്പോളേക്കും കേരളക്കാർ അയാളെ കേരളഗാന്ധി എന്നു വിളിച്ചൂ. ആ വിദ്വാൻ പിന്നെ ഹിന്ദുഫാഷിസ്റ്റുകളുടെ കൂടെ കൂടി.അങ്ങനെ ജനങ്ങളെ ചതിച്ച കേളപ്പനെ വക വരുത്താൻ ഗൂഢാലോചന നടത്തിയെന്നു ഒരിക്കൽ സഗാവ് നായനാറ് ഒരിന്റർവ്യൂവിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രത്യേക സ്ഥലത്തെ പരിപാടിക്കു ക്കേളപ്പൻ വരുമ്പോൾ കൊല്ലാനായിരുന്നു പ്ലാൻ. നായനാർ അവിട്യെത്തി.പക്ഷേ അസുഖം കാരണം അന്നു കേളപ്പൻ അവിടെ വന്നില്ല്. അങ്ങനെ ആ കൊല നായനാർക്കു ചെയ്യേണ്ടി വന്നീല്ല.
ഇന്ത്യയിലെ മുഴുവൻ മുസ്ലീങ്ങളും മാർക്ഷിസ്റ്റുകാരും വെറുക്കുന്ന അദ്വാനിയെ കൊല്ലാൻ ഗൂധാലോചന നടത്തി എന്നു മദനിക്കെതിരെ ത്തമിഴ്നാറ്റ് പോലീസെടുത്ത കേസുമായി സഹകരിച്ച് നായനാരുടെ പോലീസിനു മദനിയെ അറസ്റ്റു ചെയ്യേണ്ട കാര്യമെന്തായിരുന്ന് എന്നു കേരളത്തിലെ വലിയൊരു വോട്ട്ബാങ്ക് ചോദിച്ചപ്പോഴാണു പീഡിപിയോട് പിണറായിക്കു സ്നേഹം തോന്നിയത്.മദനിയെ മുസ്ലീങ്ങൾ ചതിച്കതുകൊണ്ടാണു നമ്മൾ പരാജയപ്പെതു,അല്ലാതെ പിണരായിയുടെ തെറ്റുകൊണ്ടല്ല്. മദനി സഖ്യംചെയ്യാൻ ഇങ്ങുവരുമ്പോൾ നാം മുഖ്സ്ം തിരിക്കണോ?
മദനി നമ്മുട് കൂടെ ചേർന്നപ്പോൾ, മുറുമുറുത്ത ചില നേതാക്കളൂണ്ട്.അവരെ ഒതുക്കാനാൺ രാമൻപിള്ളയെ പിണറായി ക്ഷണിച്ചത്.അതൊക്കെ തെറ്റെങ്കിൽ രാജിവക്കേണ്ടതു വീ,എസ്സ് ആണു, വിജയനല്ല്.

വിഷ്ണു | Vishnu said...

ജോസ്, അവലോകനം വളരെ നന്നായി.
ഇനി ഇതില്‍ ആരൊക്കെ മന്ത്രി പുങ്കവന്മാരകും എന്ന് കാത്തിരിക്കാം.
കുഞ്ഞു മണിക്ക് വേണ്ടി അപ്പന്‍ മന്ത്രി കുപ്പായം തുന്നി കൊടുക്കുമോ ?
ശശി അണ്ണന്‍ വിദേശകാര്യം ഒപ്പികുമോ?
സോനിയജിയോടുള്ള കൂറ് ചാക്കോയ്ക്ക് തുണയാകുമോ?
കഷ്ടിച്ച് കടന്നു കൂടിയ തോമച്ചനെയും, ഇടതിന്റെ തട്ടകത്തില്‍ പോരാടി വിജയിച്ച സുധാകരനെയും നോക്കി മന്ത്രി കസേര ഉണ്ടോ? കാത്തിരുന്നു കാണാം.
നേടിയവരുടെ കൂടത്തില്‍ എന്തെ മുല്ലപള്ളിയെ വിട്ടു പോയത്. അത് ചില്ലറ വിജയം ഒന്നും അല്ലായിരുനല്ലോ, അതും വടകരയില്‍.