Monday, March 23, 2009

ലോകസഭാ തിരഞ്ഞെടുപ്പ്‌- 2009 | 1. തിരുവനന്തപുരം.

നരസിംഹം സിനിമയിലെ ഡയലോഗ്‌ പോലെ, അഞ്ചു വര്‍ഷത്തെ ഇടവേള കഴിഞ്ഞ്‌ തിരഞ്ഞെടുപ്പ്‌ ഇങ്ങെത്തിയിരിക്കുന്നു. ഇവിടെയെന്തേലുമെഴുതാന്‍ ഇതിനേക്കാള്‍ പറ്റിയ സമയം ഏതാ? വരുന്ന രണ്ടു മാസങ്ങളിലായി നമ്മുടെ രാജ്യത്ത്‌ നടത്തപ്പെടുന്ന , പങ്കാളിത്തം കൊണ്ട്‌ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയുടെ കേരളാ വേര്‍ഷന്‍ ഏപ്രില്‍ 16ഇനു അരങ്ങേറുന്നു. അരങ്ങും അഭിനേതാക്കളും റെഡി.


1. തിരുവനന്തപുരം.



തലസ്ഥാന നഗരി ഇത്തവണ ഡെല്ഹിക്കയക്കുന്നത്‌ ഒരു പുതുമുഖത്തെയായിരിക്കും. [ മുഖം പഴയതു തന്നെ, പക്ഷേ
ലോകസഭയില്‍ പുതിയത്‌]. ശശി തരൂരും, രാമചന്ദ്രന്‍ നായരും തമ്മില്‍ പ്രധാന മല്‍സരം. ഏറ്റവും പ്രധാനമായി ചര്‍ച്ച ചെയ്യപ്പെടേണ്ടത്‌ ശശി തരൂരിന്റെ രംഗപ്രവേശം തന്നെ." അയാളാരുവാ അണ്ണാ" എന്ന സാധാരണക്കാരന്റെ ചോദ്യത്തിനു കൊടുക്കേണ്ട ഉത്തരം ആയിരിക്കും യു.ഡി.എഫിന്റെ ആദ്യ പരീക്ഷണം.പ്രത്യേകിച്ച്‌, തരൂരിനെതിരേ പരസ്യമായി കോണ്‍ഗ്രസ്സുകാര്‍ തന്നെ പ്രതികരിച്ച സാഹചര്യത്തില്‍.

ലോക രാഷ്ട്ര സംഘടനയുടെ തലപ്പത്തേയ്ക്ക്‌ പരിഗണിക്കപ്പെടുക എന്നതു തന്നെ ഒരു വിശേഷപ്പെട്ട നേട്ടമാണെന്നിരിക്കെ , അതു മനസ്സിലാക്കാനും പ്രചരിപ്പിക്കാനും കോണ്‍ഗ്രസ്സുകാര്‍ മനസ്സു കാട്ടാതിരുന്നാല്‍ , ശശി തരൂര്‍ വേറുമൊരു ഫോറിന്‍കാരനായി ചിത്രീകരിക്കപ്പെടാന്‍ ഇടയുണ്ട്‌. അത്ര വെടിപ്പല്ലാത്ത പുള്ളിയുടെ മലയാളംകൂടി കേക്കുമ്പോ സാധാരണക്കാര്‍ അങ്ങനെ
തന്നെ കരുതും. ഇതിനൊപ്പം തന്നെ ഉയര്‍ത്തിപ്പിടിക്കേണ്ട മറ്റൊരു വസ്തുതയാണ്‌, കോണ്‍ഗ്രസ്സ്‌ നയിക്കുന്ന ഒരു സര്‍കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ശശി തരൂര്‍ മന്ത്രിയാകാന്‍ നല്ല സാധ്യതയുണ്ട്‌ എന്നത്‌.പക്ഷേ പതിവു യോഗങ്ങള്‍ക്കും, ജീപ്പ്‌ പര്യടനങ്ങള്‍ക്കുമപ്പുറം, ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടുള്ള ഒരു മാക്രോ-ലെവല്‍ പ്രചരണ തന്ത്രമായിരിക്കും തരൂരിനെ കൂടുതല്‍ തുണയ്ക്കുക. ഇടതു പക്ഷ പാര്‍ട്ടികളെപ്പോലെയൊരു കേഡര്‍ സംവിധാനം നിലവിലില്ലാത്ത കോണ്‍ഗ്രസ്സില്‍ ഇതു എത്ര കണ്ട്‌ പ്രായോഗികമാണ്‌ എന്ന ചോദ്യം അവശേഷിക്കുന്നു.


കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍, ഇടതുപക്ഷത്തെ സഹായിച്ച രണ്ടു സുപ്രധാന ഘടകങ്ങള്‍ 2004-ല്‍ ഭരണവിരുദ്ധ വികാരവും, ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ പ്രശ്നങ്ങളുമായിരുന്നു[ കരുണാകരന്‍ ഫാക്റ്റര്‍]. പക്ഷേ ഇത്തവണ ഇവ രണ്ടും ഏതാണ്ടതേ അളവില്‍ ഇടതുപക്ഷത്തിനെതിരായിരിക്കുന്നു. ഇവയെ മറികടക്കുക്ക എന്നതു തന്നെയായിരിക്കും മുന്നണി നേരിടുന്ന പ്രധാന വെല്ലുവിളി. പൊന്നാനി പ്രശനം പ്രത്യക്ഷാ പറഞ്ഞു തീര്‍ത്തെങ്കിലും അതിന്റെ ചൂടും പുകയും ഇനിയും അടങ്ങിയിട്ടില്ല എന്നതു കൂടി പരിഗണിക്കുമ്പോള്‍, ഇവയെല്ലാം മുന്നണിയുടെ പ്രകടനത്തെ ബാധിച്ചേക്കാം. പക്ഷേ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ പഴയതെല്ലാം പരണത്തു വെച്ചു പ്രവര്‍ത്തിക്കാന്- ഇറങ്ങുന്ന ആ അടിസ്ഥാന കമ്മ്യൂണിസ്റ്റ്‌ രീതി , ഇതിന്യെല്ലാം മറികടക്കാനും മതി. പി.കെ.വാസുദേവന്‍ നായര്‍ക്കുണ്ടായിരുന്ന സ്വീകാര്യതയും, പന്ന്യന്‍ രവീന്ദ്രന്‍ ഉണര്‍ത്തിയ കൌതുകവുമൊന്നും ചന്ദ്രശേഖരന്‍ നായര്‍ക്കവകാശപ്പെടാനില്ല, പക്ഷേ ട്രേഡ്‌ യൂണിയന്‍ രംഗത്തെ ദീര്‍ഘകാല സാന്നിധ്യം, സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുപാടുള്ള മണ്‌ഡലത്തില്‍ അദ്ദേഹത്തെ സഹായിക്കും. എതിരാളി ഒരു വരുത്തനാണ്‌ എന്നതും ഒരു അനുകൂല്ഘടകമാണ്‌.

പരസ്യമായി നിലാപ്പാടു പ്രഖ്യാപിച്ച സാമുദായിക സംഘ്ടനകളും നേതാക്കന്‍മാരും തിരഞ്ഞെറ്റുപ്പിനെ എത്രകണ്ടു സ്വാധീനിക്കും എന്നു കണ്ടു തന്നെയറിയണം.

വികസന മുരടിപ്പില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന തലസ്ഥാന നഗരങ്ങളിലൊന്നാണ്‌ തിരോന്തരം. തിരഞ്ഞെടുക്കപ്പെറ്റുന്നവര്‍ ആരായാലും അവരുറ്റെ മുമ്പില്‍ പാതി വഴിയില്‍ നില്‍ക്കുന്ന പദ്ധതികളുടെ ഒരു നീണ്ട നിര തന്നെയുണ്ട്‌.

ശശി തരൂരിനു ഒരു നേരിയ മുന്‍തൂക്കമുണ്ടെന്നു ഞാന്‍ കരുതുന്നു. പക്ഷേ അതു അന്തിമഫലത്തില്‍ എത്തണമെങ്കില്‍, ഒരു കോണ്‍ഗ്രസ്സ്‌ നേതാവു എന്നതിനപ്പുറത്തേയ്ക്കു, ലോകമറിയുന്ന ഒരു മലയാളി എന്ന നിലയിലേയ്ക്കു ശശി തരൂര്‍ ഉയര്‍ത്തിക്കാട്ടപ്പെടണം. പി.കെ.കൃഷ്‌ണദാസ് തന്നെ മല്‍സരിക്കുന്നതു കൊണ്ട്‌, സാധാരണ കേള്‍ക്കാറുള്ള 'വോട്ടു മറിക്കല്‍ ' ആരോപണം ഉണ്ടാവാന്‍ സാധ്യത ഇല്ല. എന്‍.സി.പി-ക്കു ജയിക്കാനുള്ള പിടിയില്ലെങ്കിലും കോണ്‍ഗ്രസ്സ് പെട്ടിയില്‍ വീഴേണ്ട വോട്ടുകളില്‍ ഒരു പങ്കു അടിച്ചെടുക്കാന്‍ സാധിക്കും. ഇതൊക്കെയാണ്‌ മല്‍സരത്തെ സ്വാധീനിക്കാന്‍ പോകുന്ന നിര്‍ണ്ണായക ഘടകങ്ങള്‍.

അനുബന്ധം:

സൂര്യ ടി.വി.യില്‍ ശശി തരൂരുമായി അഭിമുഖം കണ്ടു. 'പ്രവര്‍ത്തിക്കുക' എന്നതിനു പകരം 'പണിയെടുക്കുക' എന്ന പദമാണ്‌ പുള്ളി പഠിച്ചുവെച്ചിരിക്കുന്നത്‌. " ജയിച്ചാല്‍ , ഞാന്‍ ഡെല്‍ഹിയില്‍ പോയി തിരുവനന്തപുരംകാര്‍ക്കു വേണ്ടി പണിയും...". ചിരിച്ചു മറിഞ്ഞു. ഇപ്പോഴാ പുള്ളി ഒന്നാം തരം കോണ്‍ഗ്രസ്സായത്‌. കാണാന്‍ സിമ്പ്ളന്‍, വാ തുറന്നാ പോയി!

5 comments:

The Common Man | പ്രാരബ്ധം said...

ലോകസഭാ തിരഞ്ഞെടുപ്പ്‌- 2009 :

തിരുവനന്തപുരം:അവലോകനം , എന്റേം വക!

അപ്പൂട്ടൻ said...

എനിക്ക് തോന്നുന്നു ഇടതുപക്ഷം തിരോന്തരത്ത്‌ ജയിക്കുകയാണെങ്കില്‍ ഒരേയൊരു കാരണം തരൂര്‍ തന്നെയായിരിക്കും എന്ന്. വരുത്തന്‍ എന്ന കാരണം മാത്രമാവില്ല, ശശി തരൂര്‍ ഇന്നും ഒരു എലൈറ്റ് ഗ്രൂപ്പിന്റെ പ്രതിനിധി എന്ന തോന്നല്‍ ആയിരിക്കും ഇതിന്റെ പ്രധാന കാരണം.

ബിജിന്‍ കൃഷ്ണ said...

ശശി തരൂര്‍ പണ്ടു ബാന്‍ കി മൂണിനെതിരെ ഐക്യരാഷ്ട്രസഭയില്‍ മത്സരിച്ച കാലം.. ഒരു അഭിമുഖത്തിനിടെ മാധവിക്കുട്ടിയോടു (അങ്ങനെ തന്നെ വിളിച്ചു പോവുന്നു) അതിനെ പറ്റി അഭിപ്രായം ചോദിച്ചു.. മറുപടി ഇങ്ങനെ ആയിരുന്നു.. "എന്ത് രസാ ആ കുട്ട്യേ കാണാന്‍.. ല്ലേ.. അതിനു ഇതിന്റെ ഒക്കെ വല്ല ആവശ്യവുമുണ്ടോ..? " ഏതാണ്ട് അത് പോലെ തന്നെ ആണ് എനിക്കും തോന്നുന്നത്. നിഷ്പക്ഷനല്ലാത്തത് കൊണ്ടും ഇടത്തോട്ടു ചെരിഞ്ഞു നില്‍ക്കുന്നത് കൊണ്ടും ഉള്ള മുന്‍‌വിധി ആയിരിക്കാം...

വിഷ്ണു | Vishnu said...

ജോസേ, കഴിഞ്ഞ തവണ കഞ്ഞിരപള്ളി നിയോജഗ മണ്ഡലത്തില്‍ അല്ഫോന്‍സ് കണ്ണന്താനം പ്രയോഗിച്ച അതെ strategy അനന്തപുരിയില്‍ തരൂര്‍ പിന്തുടര്‍ന്നാല്‍ ജയം വലത്തോട്ട് നീങ്ങില്ലേ? ഐ മീന്‍ കോര്‍പ്പറേറ്റ് സ്റ്റൈലില്‍ ഒരു പിടി പിടിച്ചാല്‍ ചെറുപ്പക്കാരുടെ വോട്ട് കൊണ്ട് മാത്രം ജയിച്ചു കയറാമല്ലോ.........

ajeeshmathew karukayil said...

we need a good forigen minister so sasi tharoor must win.