1980കളിൽ, മാണി-കോൺഗ്രസ്സിന്റെ വിദ്യാർത്ഥി-യുവജനപ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്ന ഒരു നേതാവായിരുന്നു ബാബു ചാഴികാടൻ. മാണി സാറിന്റെ മാനസപുത്രനായും, പൊതുജനത്തിൽ പൊതുവേ സ്വീകാര്യനായും കരുതപ്പെട്ട അദ്ദേഹത്തിനു അതുകൊണ്ടുതന്നെ 1991ൽ നിയമസഭാത്തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അവസരം ലഭിച്ചു. ഇടതുപക്ഷച്ചായ്വ് അതുവരെ പ്രകടിപ്പിച്ചിരുന്ന ഏറ്റുമാനൂർ മണ്ഡലമാണ് ചാഴികാടനു വേണ്ടി മാണി സാർ കണ്ടെത്തിയത്. എതിരാളി ചില്ലറക്കാരനായിരുന്നില്ല , സി.പി.എം.-ന്റെ സംസ്ഥാനതല നേതാവായി വളർന്നിരുന്ന ശ്രീ. വൈക്കം വിശ്വൻ.
ഐക്യജനാധിപത്യമുന്നണി വലിയ പ്രതീക്ഷകൾ അർപ്പിക്കാതിരുന്ന മൽസരമായിരുന്നു ഇതു എന്നാണ് നിഷ്പ്പക്ഷനിരീക്ഷകരിൽ പലരും അഭിപ്രായപ്പെട്ടത്. പക്ഷേ, ബാബു ചാഴികാടൻ എന്ന യുവരക്തത്തിനു ഒരു തരംഗം ഉയർത്താൻ സാധിച്ചു. പക്ഷേ, ക്രൂരമായ വിധി ആ നേതാവിനെ പാതി വഴിയിൽ തടഞ്ഞു.മെയ് 15 വൈകിട്ടു ആർപ്പൂക്കര ഭാഗത്ത് തിരഞ്ഞെടുപ്പു പ്രചരണവുമായി നീങ്ങിയ ബാബു ചാഴികാടൻ ഇടിമിന്നലേറ്റു മരണമടഞ്ഞു.
രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല്ലാതെ , ഒരക്കൗണ്ടന്റായി കഴിഞ്ഞു വന്നിരുന്ന തോമസ് ചാഴികാടൻ എന്ന ബാബു ചാഴികാടന്റെ സഹോദരൻ അങ്ങനെയാണ് രാഷ്ട്രീയക്കാരനാകുന്നത്. പകരക്കാരനായി കളത്തിലിറങ്ങിയ ‘ടോമി’ പക്ഷേ അട്ടിമറി സൃഷ്ടിച്ചു. ബാബു ചാഴികാടന്റെ പേരിൽ ഏറ്റുമാനൂർ മണ്ഡലത്തിലും, രാജീവ് ഗാന്ധിയുടെ പേരിൽ ഭാരതത്തിലാകെയും വീശിയടിച്ച സഹതാപതരംഗം , ആയിരത്തിനടുത്ത ഒരു ഭൂരിപക്ഷമായി ഏറ്റുമാനൂരിൽ രൂപപ്പെട്ടു. പക്ഷേ വിധി തിരുത്തിയ ഒരു ജാതകവുമായി പ്രവർത്തനം തുടങ്ങിയ തോമസ് ചാഴികാടൻ ഏറ്റുമാനൂരിന്റെ രാഷ്ട്രീയജാതകം തിരുത്തിയെഴുതുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇടതുപക്ഷം അധികാരം പിടിച്ച 1996ൽ, ചാഴികാടന്റെ ഭൂരിപ്പക്ഷം 13000+. 2001ൽ അതു 20000+ ആയി വർദ്ധിച്ചു. പാലാ കഴിഞ്ഞാൽ , മാണി സാറിന്റെ ഉറച്ച സീറ്റ് എന്ന നിലയിലേയ്ക്കു ഏറ്റുമാനൂർ മാറി. 2006ലെ ഇടതുതരംഗത്തിൽ ഭൂരിപക്ഷമിടിഞ്ഞെങ്കിലും ഏറ്റുമാനൂർ ചാഴികാടനെ കൈവിട്ടില്ല.
ചാഴികാടന്റെ ജനകീയ മുഖമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. മണ്ഡലത്തിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടത്താനും ചാഴികാടനു സാധിച്ചിട്ടുണ്ട് എന്നതും ഒരു വസ്തുതയാണ്.
മാറിയ സാഹചര്യങ്ങളിൽ അനായാസേന വിജയം എന്നു ചാഴികാടനും മാണി-കോൺഗ്രസ്സും കരുതിയിരുന്ന സാഹചര്യങ്ങളിലേയ്ക്കാണ് സുരേഷ് കുറുപ്പ് എന്ന കോട്ടയംകാരുടെ സ്വന്തം കുറുപ്പ് കടന്നു വന്നത്.
തോമസ് ചാഴികാടന്റേതിൽ നിന്നും നേർവിപരീതമാണ് സുരേഷ് കുറുപ്പിന്റെ രാഷ്ട്രീയ ചരിത്രം. എസ്.എഫ്. ഐ-യില്ലൂടെയുള്ള വളർച്ച. എം.ജി. യൂണിവേഴ്സിറ്റിയുടെ യൂണിയൻ ചെയർമാനായി പൊതുജീവിതത്തിലേയ്ക്കു. 1984ലെ ഇന്ദിരാ തരംഗത്തിൽ കേരളം മുഴുവൻ കോൺഗ്രസ്സായപ്പോൾ, കോട്ടയത്തെ ചെങ്കൊടി പുതപ്പിച്ച യുവ നേതാവ്.1987ൽ രമേശ് ചെന്നിത്തലയോടു പരാജയം. പിന്നെ കുറുപ്പു മൽസരിക്കുന്നത് 1998ൽ, ദേശീയനേതാവായി വളർന്നിരുന്ന രമേശ് ചെന്നിത്തലെയെ തളയ്ക്കാൻ കുറുപ്പിനെ പാർട്ടി തിരിച്ചു വിളിച്ചു. ‘99ലും, 2004ലും ജയം. 2009ൽ ജോസ്.കെ.മാണിയോടു പരാജയം.
തോമസ് ചാഴികാടനെ നിരന്തരമായി ജയിപ്പിക്കുമ്പോഴും, പാർലമെന്റിലേയ്ക്കു മൽസരിക്കുന്ന കുറുപ്പിനെയും അകമഴിഞ്ഞു സഹായിച്ച ചരിത്രമാണ് ഏറ്റുമാനൂർ മണ്ഡലത്തിനുള്ളത്. മുൻകാല ഇടതുപക്ഷ സ്ഥാനാർത്ഥികളെ അപേക്ഷിച്ച് മണ്ഡലത്തിലുടനീളം പരിചിതനാണെന്ന മെച്ചവും കുറുപ്പിനു ഉണ്ട് . പക്ഷേ ഇതിനുമൊക്കെയപ്പുറത്ത്, ഏറ്റുമാനൂരിന്റെ ജയപരാജയങ്ങൾ ഇത്തവണ നിശ്ചയിക്കാൻ പോകുന്നത്, പുനർനിർണ്ണയം വഴി കൂട്ടിച്ചേർക്കപ്പെട്ട കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളായിരിക്കും. ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ചു മാർക്സിസ്റ്റ് പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ ഈ രണ്ടു പഞ്ചായത്തുകൾ കഴിഞ്ഞ 2-3 തിരഞ്ഞെടുപ്പുകളിൽ ഒരല്പ്പം സമദൂരം പാലിച്ചെങ്കിലും അതിനു പ്രധാന കാരണമായ ‘വയലാർ രവി’ ഫാക്ടർ ഇത്തവണയില്ല എന്നിരിക്കെ, സുരേഷ് കുറുപ്പിനു വ്യക്തമായ മുന്തൂക്കം ഇവിടെനിന്നും ലഭിക്കേണ്ടതാണ്.
പാറ പോലെ ഉറച്ച സീറ്റെന്നു ഐക്യജനാധിപത്യമുന്നണി കരുതുന്ന ഏറ്റുമാനൂരിൽ, ഇത്തവണ ഒരട്ടിമറി ഞാൻ പ്രതീക്ഷിക്കുന്നു. പാർട്ടിക്കും മുന്നണിക്കും അപ്പുറത്തേയ്ക്കു വളരുന്ന സുരേഷ് കുറുപ്പ് എന്ന വ്യക്തിത്വം, തോമസ് ചാഴികാടനെന്ന ജനകീയനെ പിടിച്ചു കെട്ടും എന്നു തന്നെയാണ് എന്റെ പ്രവചനം.
പി.എസ് : സുരേഷ് കുറുപ്പ് എന്ന വ്യക്തിയെ പാർട്ടി പോലും തങ്ങൾക്കു മുകളിൽ നിർത്തിയാണ് പ്രചരണം നടത്തുന്നത് എന്നതിനു താഴെക്കാണുന്ന പോസ്റ്റർ തെളിവു. കേരളത്തിലെതന്നെ ഏറ്റവും മനോഹരമായ ഈ പോസ്റ്ററിൽ , മനോഹരമായ നരയും വെള്ള ഷർട്ടും ധരിച്ച കുറുപ്പിനു മുന്നിൽ, അരിവാൾ ചിഹ്നം എത്ര മയപ്പെട്ടാണ് പ്രത്യക്ഷപ്പെടുന്നത് എന്നു കാണൂ
Tuesday, March 29, 2011
Subscribe to:
Posts (Atom)