കേരളത്തിലെ പാര്‍ലമെന്റ് സീറ്റുകളുടെ ചരിത്രമെടുത്താല്‍ ഏറ്റവും പ്രവചനാതീതമായ സ്വഭാവം കാണിച്ചിട്ടുള്ളതു കോട്ടയമാണ്. ആ ചരിത്രത്തിലെ ആനുകാലിക വിവരങ്ങളിലേയ്ക്കു:
1984-ല്‍, ഇന്ദിരാ ഗാന്ധി സഹതാപതരംഗത്തില്‍ കേരളം മുഴുവന്‍ ഐക്യജനാധിപത്യമുന്നണിക്കനുകൂലമായി വോട്ട് ചെയ്തപ്പോള്‍, സിറ്റിങ്ങ് അംഗമായ സ്കറിയാ തോമസിനു പകരം മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ സുരേഷ് കുറുപ്പ് എന്ന ചെറുപ്പക്കാരനെയാണ് കോട്ടയംകാര്‍ പാര്‍ലമെന്റിലേയ്ക്കയച്ചതു.
എന്നാല്‍ 1989-ല്‍, രമേശ് ചെന്നിത്തല എന്ന ചെറുപ്പക്കാരന്‍ മുന്‍ മന്ത്രിക്കു വേണ്ടി അവര്‍ കുറുപ്പിനെ തഴഞ്ഞു.
രമേശ് ചെന്നിത്തല ഒരു ദേശീയ നേതാവായി വളര്‍ന്ന ആ കാലഘട്ടത്തിലെല്ലാം കോട്ടയം കൂടെ നിന്നു. പക്ഷേ, എ.ഐ.സി.സി. മെമ്പറായി വളര്‍ന്നിരുന്ന രമേശിനെ നേരിടാന്‍ ഒരിക്കല്‍ കൂടി സുരേഷ് കുറുപ്പെത്തിയപ്പോള്‍ , 1998ല്‍ , കോട്ടയംകാരു പിന്നെയും കൂറു മാറി.
[ 1991ലും 1996ലും ജനതാദളായിരുന്നു കോട്ടയത്തു നിന്നും ഇടതുപക്ഷത്തിനു വേണ്ടി മല്‍സരിച്ചത് എന്നതും എടുത്തു പറയേണ്ടതുണ്ട്. ]
തുടര്‍ന്നു നടന്ന രണ്ട് തിരഞ്ഞെടുപ്പിലും സുരേഷ് കുറുപ്പ് ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയാണുണ്ടായതു.
പുനര്‍നിര്‍ണ്ണയിച്ച കോട്ടയം മണ്ഡലത്തിലെ തിരഞ്ഞെടുപ്പു് പല കാരണങ്ങള്‍കൊണ്ടും നിര്‍ണ്ണായകമാണ്.
1. സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന കത്തോലിക്കാ സഭയ്ക്കും, നായര്‍ സമുദായത്തിനും വളരെ വ്യക്തമായ സ്വാധീനമുള്ള മണ്ഡലം എന്ന നിലയ്ക്കു, ഈ വിഭാഗങ്ങളുടെ പ്രത്യക്ഷമായ രാഷ്ട്രീയ നിലപാടുകള്‍ ഏറ്റവും തെളിഞ്ഞു കാണുന്നതു ഇവിടെയായിരിക്കും. തുടര്‍ന്നു വരുന്ന തദ്ദേശ-സ്വയം ഭരണ തിരഞ്ഞെടുപ്പകളെ ഇതു വ്യക്തമായി സ്വാധീനിക്കുകയും ചെയ്യും.
2. അതുകൊണ്ട് തന്നെ കോട്ടയത്തെ ഒരു നല്ല പ്രകടനം, ഈ മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന ഭരണവിരുദ്ധ വികാരത്തിന് ഒരു തടയിടാന്‍ ഇടതുമുന്നണിക്ക് അത്യാവശ്യമാണ്.
3. കേരളാ കോണ്‍ഗ്രസ്സുകളുടെ സ്വന്തം തട്ടകം എന്ന നിലയിലും കോട്ടയം ശ്രദ്ധാകേന്ദ്രമാകും. പ്രത്യേകിച്ചു, വിവിധ കേ.കോ. ഗ്രൂപ്പുകള്‍ , മുമ്പെങ്ങുമില്ലാത്ത വിധം അടുപ്പത്തിലും സഹകരണത്തിലും പ്രവര്‍ത്തിക്കുന്ന ഈ കാലത്ത്.
മൂവാറ്റുപുഴ സീറ്റ് ഇനിമുതലില്ല എന്നതിനാല്‍ കോട്ടയത്ത് മാണി- കോണ്‍ഗ്രസായിരിക്കും മല്‍സരിക്കുക എന്നുള്ളത് ഏതാണ്ടുറപ്പാണ്.പുതുതായി കൂട്ടിചേര്‍ത്ത പാലാ, പിറവം എന്നീ മണ്ഡലങ്ങള്‍ കേരളാ കോണ്‍ഗ്രസ്സുകളുടെ ശക്തികേന്ദ്രങ്ങളാണ് എന്നതും ഇതിനു സാധ്യത കൂട്ടുന്നു.കത്തോലിക്കാ സഭയുടെ പ്രത്യക്ഷമായ പിന്തുണയോടെ മാണി കോണ്‍ഗ്രസ്സില്‍ നിന്നാരു മല്‍സരിച്ചാലും ജയസാധ്യത പതിവിലും വളരെ കൂടുതലാണ്.
പക്ഷേ ഇവിടെയും ഇടതു പക്ഷത്തിനൊരല്‍പ്പം പ്രതീക്ഷ ബാക്കിയുണ്ട്. അതിലൊന്നു ആദ്യം പറഞ്ഞ കോട്ടയത്തിന്റെ ചരിത്രമാണ്. ജയം ഉറപ്പിച്ച പലരെയും പൊട്ടിച്ചു കയ്യില്‍ കൊടുത്ത പാരമ്പര്യം കോട്ടയത്തിനുണ്ട്.ഒപ്പം, ജോസ്.കെ.മാണി വീണ്ടും മല്‍സരിക്കാനൊരുങ്ങുന്നു, അഥവാ മല്‍സരിപ്പിക്കാന്‍ മാണി സാര്‍ ഒരുക്കുന്നു എന്ന വാര്‍ത്തകളും. മാണി സാറിനോടുള്ളതിന്റെ നൂറിലൊന്നുപോലും താല്പ്പര്യം മാണീപുത്രനോടു പുള്ളിയുടെ പാര്‍ട്ടിക്കാര്‍ക്കില്ല എന്നതു 2004-ല്‍ തെളിഞ്ഞതാണല്ലോ. വീണ്ടും ഒരിക്കല്‍ കൂടി മാണി സാര്‍ ആ റിസ്കെടുത്താല്‍ , ഇടതുമുന്നണിക്കു വളരെ നല്ല പ്രതീക്ഷകള്‍ക്കു വകയുണ്ട്.
ക്നാനായ സമുദായത്തിനു, പ്രത്യേകിച്ചു ക്നാനായ കത്തോലിക്കര്‍ക്കു മുന്‍തൂക്കമുള്ള കോട്ടയം മണ്ഡലത്തില്‍ , ആ സമുദായത്തില്‍പെട്ട ഒരു ഇടതു സ്വതന്ത്രനെ നിറുത്താന്‍ ഇടതുമുന്നണിക്കു കഴിഞ്ഞാല്‍, ഇപ്പോള്‍ നിലവിലുള്ള യു.ഡി.എഫിന്റെ മുന്‍തൂക്കം ഇല്ലാതാക്കാന്‍ അവര്‍ക്കു കഴിയും. ജോസഫ് ഗ്രൂപ്പുകാരനായ മുന്‍ എം.എല്‍.എ ശ്രീ.ഇ.ജെ.ലൂക്കോസ് വളരെ വിജയസാധ്യതയുള്ള ഒരു പേരായിരിക്കും.
കേരള രാഷ്ട്രീയത്തിലെ ചാണക്യനായ മാണി സാര്‍ ഇതു മുന്നില്‍ കണ്ട്, ഏറ്റുമാനൂര്‍ എം.എല്‍.എ ശ്രീ.തോമസ് ചാഴിക്കാടനെയോ, യൂത്ത്‌ഫ്രണ്ട് മുന്‍ സംസ്ഥാന നേതാവും ജോസ്.കെ.മാണിയുടെ അടുത്ത ആളുമായ ജെയിംസ് തെക്കനാടനെയോ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചാല്, കോട്ടയം ഇടതുമുന്നണിക്കു നഷ്ടകാകും , നൂറു തരം!
Monday, September 1, 2008
Subscribe to:
Posts (Atom)