Monday, April 11, 2011

കേരളം എങ്ങോട്ടു ചായും?

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളേക്കാൾ തീവ്രമായ മൽസരമാണ്‌ കേരളത്തിൽ ഇത്തവണ നടക്കുന്നുതു്. അവസാന ഫലങ്ങൾ എന്താകുമെന്നോ ഭരണം ആരു പിടിക്കുമെന്നോ ഉറപ്പിച്ചു പറയാനാവാത്ത അവസ്ഥ.

140 മണ്ഡലങ്ങൾ എന്റെ പരിമിതമായ അറിവ് വെച്ചു വിലയിരുത്തി ഞാൻ തയ്യാറാക്കിയ ഒരു പട്ടിക ഇങ്ങനെയാണ്‌.

ഫലം ഏതാണ്ട്‌ ഉറപ്പാക്കാവുന്ന മണ്ഡലങ്ങൾ : 100

യു.ഡി.എഫ് - 56
എൽ.ഡി.എഫ്‌ - 44



ബാക്കി നാല്പ്പത് മണ്ഡലങ്ങൾ കടുത്ത മൽസരം മൂലമോ, എന്റെ അറിവിന്റെ പരിമിതി മൂലമോ, ഒന്നും പറയാനാവാത്ത നിലയിലാണ്‌. ഏതു മുന്നണി ജയിച്ചാലും, ഒരു 80-85 സീറ്റിനപ്പുറം ഭൂരിപക്ഷമുണ്ടാകില്ല എന്നാണ്‌ ഈ അവസരത്തിൽ തോന്നുന്നത്.

Sunday, April 3, 2011

കരണം മറിയുന്ന കോട്ടയം

ഖദറിട്ട കുറേ അച്ചായന്മാരുടെ നാടെന്നാണ്‌ കോട്ടയത്തിനു സിനിമാക്കാർ സാധാരണ നല്കുന്ന രാഷ്ട്രീയ പരിവേഷം. ചതുരംഗം എന്ന ചിത്രത്തിൽ ആറ്റിപ്രാക്കൽ ജിമ്മി എന്ന ലാലേട്ടൻ , കോട്ടയം എസ്.പി. നഗ്മയോട്‌ പറയുന്നതും അങ്ങനെ തന്നെ -“ ഇതു കോട്ടയമാണ്‌, കോട്ടയം. ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്‌ ഞങ്ങള്‌ കുറേ കേരളാ കോൺഗ്രസ്സുകാരാണ്‌”. ( ഇതു പറഞ്ഞപ്പോ, കോട്ടയം അഭിലാഷിലൊക്കെ നല്ല കൂവൽ ആരുന്നു! ). പാലാ, പുതുപ്പള്ളി എന്നിങ്ങനെ ചില മണ്ഡലങ്ങൾ നിയമസഭാതിരഞ്ഞെടുപ്പിൽ കളം മാറാതെ നില്പ്പുണ്ടെങ്കിലും, ജില്ലയെ മൊത്തമായി പരിഗണിക്കുമ്പോൾ , അടിയുറച്ച ഒരു വലതുപക്ഷ ജില്ല എന്ന വിശേഷണം കോട്ടയത്തിനു ചേരില്ല.


ജില്ലാ ആസ്ഥാനമായ കോട്ടയം പട്ടണം കേന്ദ്രീകരിച്ചാണ്‌ കോട്ടയം മണ്ഡലം നിലകൊള്ളുന്നത്. മണ്ഡല പുനർനിർണ്ണയത്തിൽ വളരെ നിർണ്ണായകമായ ചില മാറ്റങ്ങൾ ഇത്തവണ മണ്ഡലത്തിൽ വന്നിട്ടുണ്ട്.

കോട്ടയം മണ്ഡലത്തിന്റെ കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തെ ചരിത്രമെടുത്താൽ ഇടത് പക്ഷത്തിനു കാര്യമായ ഒരു മുൻതൂക്കം അവകാശപ്പെടാവുന്നതാണ്‌.

1987,1991,1996 വർഷങ്ങളിൽ സി.പി.എം സീനിയർ നേതാവും മന്ത്രിയുമായിരുന്ന ശ്രീ. ടി.കെ.രാമകൃഷ്‌ണനാണ്‌ കോട്ടയത്തെ പ്രതിനിധീകരിച്ചത്‌. യഥാക്രമം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ചെറിയാൻ ഫിലിപ്പ് ( ഇപ്പോൾ സഖാവ്‌ ചെറിയാൻ ഫിലിപ്പ്‌! ), മോഹൻ ശങ്കർ എന്നിവർ പരാജയമറിഞ്ഞു. ഇതിൽ 1987ലെ വിജയം വളരെ ആധികാരമായിരുന്നുവെങ്കിൽ, ‘91ലും ’96ലും ഭൂരിപക്ഷം താരതമ്യേന കുറവായിരുന്നു. ഈ രണ്ടു തിരഞ്ഞെടുപ്പിലും, ടി.കെ-യെ രക്ഷിച്ചത്‌ തിരുവാർപ്പ്, കുമരകം എന്നീ പഞ്ചായത്തുകളായിരുന്നു. കോട്ടയം മുനിസിപ്പാലിറ്റി, നാട്ടകം പഞ്ചായത്ത് എന്നിവയിലെ ബൂത്തുകളിൽ വ്യക്തമായ ഭൂരിപക്ഷം കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ നേടിയെങ്കിലും, കുമരകം/തിരുവാർപ്പ് പെട്ടികൾ പൊട്ടിച്ചപ്പോൾ ചെറിയാൻ ഫിലിപ്പും മോഹൻ ശങ്കറും പൊട്ടി.


2001ലാണ്‌ കോട്ടയം മണ്ഡ്ലത്തിന്റെ ജാതകം മാറ്റിക്കുറിച്ച ഒരു സംഭവവികാസമുണ്ടായത്‌. സംസ്ഥാന രാഷ്ട്രിയത്തിൽ നിന്നും അകന്നു നിന്നിരുന്ന വയലാർ രവി വീണ്ടും സജീവമാകാൻ തീരുമാനിച്ചു. പക്ഷേ സ്വന്തം തട്ടകമായ ചേർത്തലയിൽ എ.കെ.ആന്റണി നിറഞ്ഞു നില്ക്കുന്നതുകൊണ്ടാവാം, കയ്യിലുള്ള രാജ്യസഭാഗത്വം വിട്ടുകളയാതെ, വാമഭാഗം മേഴ്സി രവിയെ മൽസരിപ്പിക്കാൻ തീരുമാനിച്ചു. മൽസരിക്കാൻ കണ്ടെത്തിയത് കോട്ടയം മണ്ഡലം. പക്ഷേ കോട്ടയം നിലനിർത്താൻ ഇടത്പക്ഷം രംഗത്തിറക്കിയത്‌ വൈക്കം വിശ്വനെയായിരുന്നു. ആയിടെ പാർട്ടി സെക്രട്ടറിയായ പിണറായി വിജയനൊപ്പം സീനിയോറിറ്റുണ്ടായിരുന്ന വൈക്കം വിശ്വനെ സംസ്ഥാനതലത്തിലേയ്ക്കുയർത്താനുള്ള ഒരു പദ്ധതിയായിരുന്നു അത്‌. അങ്ങനെ ഒരു സെലിബ്രിറ്റി മണ്ഡലമായി കോട്ടയം മാറി.

ചാവേറാകാനാണോ മേഴ്സി രവി വന്നത്‌ എന്ന ചോദ്യത്തിനു മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടിയാണ്‌ അവർ മറുപടി പറഞ്ഞത്‌. പതിവു തെറ്റിച്ചുകൊണ്ട്‌ കുമരകവും തിരുവാർപ്പും മേഴ്സി രവിക്കൊപ്പം നിന്നു. ഈഴവ വിഭാഗത്തിനു എല്ലാക്കാലത്തും പ്രിയപ്പെട്ടവനായിരുന്ന വയലാർ രവി അങ്ങനെ കോട്ടയത്തു കളം വരച്ചു. പക്ഷേ ആ തീരുമാനം കോട്ടയത്തിനു ഗുണമായി ഭവിച്ചു എന്നു തന്നെ പറയേണ്ടി വരും. വയലാർ രവിയുടെ എം.പി ഫണ്ട് ഏതാണ്ട് മുഴുവനായിത്തന്നെ കോട്ടയത്തെത്തി. 2006ൽ സാക്ഷാൽ രവി തന്നെ മൽസരിക്കും എന്നു പോലും പലരും കരുതി.

പക്ഷേ 2006 ആയപ്പോൾ വയലാർ രവി കേന്ദ്ര കാബിനറ്റ് മന്ത്രിയായി. രോഗാതുരയായ മേഴ്സി രവിക്കു പകരം, അതേ ഗ്രൂപ്പിലെ അജയ് തറയിൽ വണ്ടി പിടിച്ചെത്തി. എതിരാളി കോട്ടയത്തെ പ്രമുഖ സഹകാരിയും നേതാവുമായ വി.എൻ.വാസവൻ. ഇടതുതരംഗം ആഞ്ഞടിച്ച ആ തിരഞ്ഞെടുപ്പിൽ പക്ഷേ കോട്ടയം ഏതാണ്ട് വലത്തോട്ട് തന്നെ ചാന്നു നിന്നു. ആയിരത്തിൽ താഴെ ഭൂരിപക്ഷത്തിനാണ്‌ ശ്രീ.വാസവൻ രക്ഷപെട്ടത്‌. മറുനാടനായ അജയ് തറയിലിനു പകരം കോട്ടയംകാരിയായ ലതികാ സുഭാഷ്‌ ( ഇത്തവണ മലമ്പുഴയിൽ മൽസരിക്കുന്നു) മൽസരിച്ചിരുന്നെങ്കിൽ , കോട്ടയം ഖദറണിയുമായിരുന്നു എന്നു വിശ്വസിക്കുന്നവർ ഒരുപാടുണ്ട്‌.

ഇതൊക്കെ പഴയ കഥ. ഇത്തവണ കളിക്കളം ആകെ മാറിപ്പോയി.

പരമ്പരാഗത ഇടത് വോട്ടുബാങ്കുകളായ കുമരകവും തിരുവാർപ്പും ഏറ്റുമാനൂരിൽ ചേർന്നു. ജന്മംകൊണ്ടും ആദ്യകാല പ്രവർത്തനം കൊണ്ടും കോട്ടയംകാരനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരിച്ചെത്തിയിരിക്കുന്നു. ഇടത് പക്ഷത്തോടു പിണങ്ങി നില്ക്കുന്ന കത്തോലിക്കാ സഭയ്ക്കും, ഓർത്തഡോക്സ് സഭയ്ക്കും എൻ.എസ്.എസ്-നും നിർണ്ണായക സ്വാധീനം. എ-ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയായതുകൊണ്ട് കാര്യമായ കാലുവാരൽ ഭീഷണിയും ഇല്ല - യു.ഡി.എഫ്നു മുൻതൂക്കമുണ്ട്‌.

വി.എൻ.വാസവൻ നേടിയാക്കാവുന്ന വ്യക്തിപരമായ വോട്ടുകളിൽ ഇടതുമുന്നണിക്കു പ്രതീക്ഷ വെയ്ക്കാം. മാർക്സിസ്റ്റ് പാർട്ടി നേതാക്കൾക്കു സാധാരണയുണ്ടാകാറുള്ള ബലം പിടിത്തവും മുറുകിയ മുഖഭാവവുമൊന്നും വി.എൻ.വാസവനില്ല. നിറഞ്ഞ താടിക്കിടയിലൂടെ ഒഴുകി വരുന്ന നിറഞ്ഞ ചിരിയാണ്‌ പുള്ളിയുടെ മുഖമുദ്ര. പിന്നെ 20 കൊല്ലം മുമ്പു കോട്ടയം വിട്ട തിരിവഞ്ചൂരിനേക്കാൾ വ്യക്തിബന്ധങ്ങളും അദ്ദേഹത്തിനുണ്ട്‌ .

തീപാറുന്ന ഒരു പ്രചരണം കാണാമെങ്കിലും, അന്തിമവിജയം തിരുവഞ്ചൂരിനു തന്നെയായിരിക്കുമെന്നു എന്റെ പക്ഷം.

Friday, April 1, 2011

കൗതുകമുണർത്തുന്ന കടുത്തുരുത്തി

കേരളാ കോൺഗ്രസ്സുകളുടെ ചരിത്രത്തിൽ ഉളനീടം കാണാവുന്ന പൊട്ടിത്തെറികളും ഏച്ചുകെട്ടലുകളുമെല്ലാം അതേരൂപങ്ങളിൽ പ്രതിഫലിച്ചിട്ടുള്ള മണ്ഡലമാണ്‌ കടുത്തുരുത്തി.

കേരളാ കോൺഗ്രസ്സ് രൂപം കൊണ്ടതിനു ശേഷം ആദ്യമായി നടന്ന നിയസഭാതിരഞ്ഞെടുപ്പിൽ ( 1965ൽ), പാർട്ടി വിജയിച്ച 24 സീറ്റുകളിൽ ഒന്നാണ്‌ കടുത്തുരുത്തി. അന്നു മുതലിന്നു വരെ കടുത്തുരുത്തിയുടെ ഭാഗദേയം നിർണ്ണയിക്കാൻ കേരളാ കോൺഗ്രസ്സ് എന്ന പ്രസ്ഥാനം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. 1982ലും 1987ലും, പി.സി.തോമസ്‌ പന്നിവേലിൽ എന്ന ഇടതുപക്ഷസ്വതന്ത്രനെ ജയിപ്പിച്ചതൊഴിച്ചാൽ, കേരളാ കോൺഗ്രസ്സുകൾ മാറി മാറി വീതംവെച്ചെടുത്ത മണ്ഡലമാണ്‌ കടുത്തുരുത്തി.

1991ൽ മാണി-കോൺഗ്രസ്സിലെ യുവ നേതാവ് പി.എം.മാത്യു, ആയിടെ ഇടത്പക്ഷത്തു ചേക്കേറിയ ജോസഫ് വിഭാഗത്തിലെ സീനിയർ നേതാവ് ഇ.ജെ.ലൂക്കോസിനെ വളരെ വ്യക്തമായ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി.

പക്ഷേ വളരുംതോറും പിളരുന്ന കേ.കോ. സ്വഭാവം വീണ്ടും ആവർത്തിച്ചു. ടി.എം.ജേക്കബിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ഭിന്നിച്ചു മാറിയപ്പോൾ പി.എം.മാത്യു ആ വിഭാഗത്തിലായി. സ്വാഭാവികമായും 1996ലെ ഇലക്ഷനിൽ കടുത്തുരുത്തി സീറ്റിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജേക്കബ് വിഭാഗക്കാരനായി. അനായാസ ജയം എന്നു കരുതിയിരുന്ന ഒരു സാഹചര്യത്തിൽ , കടുത്തുരുത്തിയുടെ മുൻ എം.എൽ.എ ആയിരുന്ന പി.സി.തോമസ് പന്നിവേലിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തെത്തി. പി.എം.മാത്യുവിനെ തോല്പ്പിക്കാൻ മാണിസാർ നിറുത്തിയതാണ്‌ ഇദ്ദേഹത്തിനെ എന്നൊരു കരക്കമ്പി പരന്നു. പി.സി.തോമസോ കെ.എം.മാണിയോ ഇതു പരസ്യമായി നിഷേധിച്ചുമില്ല. ഒടുവിൽ ഫലം വന്നപ്പോൾ ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന ജോസഫ്-വിഭാഗത്തിന്റെ മോൻസ് ജോസഫ് 15000ല്പ്പരം വോട്ടിനു വിജയിച്ചു. ‘സ്വതന്ത്രൻ’ പി.സി.തോമസ് 20000 വോട്ടു പിടിച്ചു എന്ന കാര്യം പരിഗണിക്കുമ്പോൾ, കേ.കോ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകൾ മനസ്സിലാകും.

കേ.കോ. പ്രവർത്തകർക്കു സ്ഥായിയായി ലഭിക്കുന്ന സുമുഖതയും സൗമ്യതയുമൊക്കെ പതിവിലും അധികം ലഭിച്ചിട്ടുള്ള നേതാവാണ്‌ മോൻസ് ജോസഫ്‌. അടുത്തു ഇടപഴകിയിട്ടുള്ളവർക്കൊക്കെ നല്ലത് മാത്രം പറയാനുള്ള നേതാവ്. അങ്ങനെ ഗ്ലാമറിൽ നിന്ന മോൻസിനെ പിടിക്കാൻ ജേക്കബ് ഗ്രൂപ്പിനു കഴിയില്ല എന്ന തിരിച്ചറിവിലാണ്‌ 2001ൽ കടുത്തുരുത്തി വീണ്ടും മാണി കോൺഗ്രസ്സിന്റെ അക്കൗണ്ടിലെത്തിയത്‌. ജില്ലാ പഞ്ചായത്തംഗമായിരുന്ന സ്റ്റീഫൻ ജോർജ്ജാണ്‌ മണ്ഡലം പിടിക്കാനിറങ്ങിയത്‌. കേരളത്തിലുടനീളം ആഞ്ഞു വീശിയ യു.ഡി.എഫ് അനുകൂലതരംഗത്തിനൊപ്പം പ്രാദേശിക സാമുദായിക ഘടകങ്ങളും സ്റ്റീഫനു തുണയായപ്പോൾ കടുത്തുരുത്തി വീണ്ടും വലതുപക്ഷം ചേർന്നു.

ഇവർതന്നെ വീണ്ടും ഏറ്റുമുട്ടിയ 2006ൽ കടുത്തുരുത്തി വീണ്ടും കളം മാറി ചവിട്ടി. പി.ജെ.ജോസഫും ടി.യു.കുരുവിളയും ആരോപണങ്ങളുടെ പേരിൽ മാറി നിന്നപ്പോൾ മോൻസ് ജോസഫ് മന്ത്രിയായി. ചുരുങ്ങിയ കാലംകൊണ്ട്‌ കടുത്തുരുത്തി മണ്ഡലത്തിലെ റോഡുകളെല്ലാം മോൻസിന്റെ കവിളുകൾ പോലെ തിളങ്ങി.

2010ൽ ജോസഫ് വിഭാഗം മാണി-കോൺഗ്രസ്സിൽ ലയിക്കുകയും അതിന്റെ പേരിൽ പി.സി.തോമസിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം അടിച്ചുപിരിഞ്ഞു ഇടതുപക്ഷത്ത് തുടരുകയും ചെയ്തു.

ഈ ഇലക്ഷന്റെ സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ചിരുന്നത് പോലെ കടുത്തുരുത്തിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മോൻസ് ജോസഫ് തന്നെ. സീറ്റ് പ്രതീക്ഷിച്ചിരുന്ന സ്റ്റീഫൻ ജോർജ്ജ് ഉടൻ കലാപക്കൊടിയുയർത്തി. കടുത്തുരുത്തിയിൽ ആരു മൽസരിക്കും എന്നു വിഷമിച്ചിരുന്ന ഇടതുമുന്നണിക്ക് അങ്ങനെ ഒരു സ്ഥാനാർത്ഥിയെക്കിട്ടി!

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ഏറ്റുമുട്ടിയവർതന്നെ വീണ്ടും മൽസരിക്കുന്നു എന്നത് ഒരു പുതുമയല്ലെങ്കിലും, അവർ പരസ്പരം മുന്നണി മാറി മൽസരിക്കുന്നു എന്നതു കേരളത്തിനു മുഴുവൻ ഒരു പുതുമ തന്നെ.

വ്യക്തിപരമായി സ്വീകാര്യത മോൻസ് ജോസഫിനു തന്നെയെന്നാണ്‌ എന്റെ വിലയിരുത്തൽ. പക്ഷേ പരമ്പരാഗത കത്തോലിക്കാ വിഭാഗത്തിന്റെ യു.ഡി.എഫ് അനുഭാവമാണ്‌ ഇതിനെ പ്രതിരോധിക്കാൻ യു.ഡി.എഫ് നെ ഇതു വരെ സഹായിച്ചു പോന്നത്‌. പക്ഷേ സ്വീകാര്യനായ സ്ഥാനാർത്ഥി സ്വീകാര്യമായ മുന്നണിയിലെത്തിയതു കൊണ്ട്, അവർക്കു പലർക്കും ഇത്തവണ തീരുമാനം എളുപ്പമായിരിക്കും.

ക്നാനായ കത്തോലിക്കാ വിഭാഗത്തിനു നിർണ്ണായക സ്വാധീനമുള്ള മണ്ഡലമാണ്‌ കടുത്തുരുത്തി. സമുദായംഗമായ സ്റ്റീഫൻ ജോർജ്ജിനു അതിന്റേതായ ഒരു സ്വാധീനം ഉണ്ടെങ്കിലും, ഒരു വിജയത്തിലെത്തിക്കാൻ അതു മതിയാകില്ല.

കോട്ടയം ജില്ലയിൽ പാലാ, പുതുപ്പള്ളി എന്നീ മണ്ഡലങ്ങൾ കഴിഞ്ഞാൽ യു.ഡി.എഫ് വിജയിക്കുമെന്നു ഉറപ്പിക്കാമെന്ന മണ്ഡലമാണ്‌ കടുത്തുരുത്തി എന്നു ഞാൻ പറയും.

Tuesday, March 29, 2011

അട്ടിമറി മണക്കുന്ന ഏറ്റുമാനൂർ

1980കളിൽ, മാണി-കോൺഗ്രസ്സിന്റെ വിദ്യാർത്ഥി-യുവജനപ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്ന ഒരു നേതാവായിരുന്നു ബാബു ചാഴികാടൻ. മാണി സാറിന്റെ മാനസപുത്രനായും, പൊതുജനത്തിൽ പൊതുവേ സ്വീകാര്യനായും കരുതപ്പെട്ട അദ്ദേഹത്തിനു അതുകൊണ്ടുതന്നെ 1991ൽ നിയമസഭാത്തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അവസരം ലഭിച്ചു. ഇടതുപക്ഷച്ചായ്‌വ്‌ അതുവരെ പ്രകടിപ്പിച്ചിരുന്ന ഏറ്റുമാനൂർ മണ്ഡലമാണ്‌ ചാഴികാടനു വേണ്ടി മാണി സാർ കണ്ടെത്തിയത്‌. എതിരാളി ചില്ലറക്കാരനായിരുന്നില്ല , സി.പി.എം.-ന്റെ സംസ്ഥാനതല നേതാവായി വളർന്നിരുന്ന ശ്രീ. വൈക്കം വിശ്വൻ.

ഐക്യജനാധിപത്യമുന്നണി വലിയ പ്രതീക്ഷകൾ അർപ്പിക്കാതിരുന്ന മൽസരമായിരുന്നു ഇതു എന്നാണ്‌ നിഷ്പ്പക്ഷനിരീക്ഷകരിൽ പലരും അഭിപ്രായപ്പെട്ടത്‌. പക്ഷേ, ബാബു ചാഴികാടൻ എന്ന യുവരക്തത്തിനു ഒരു തരംഗം ഉയർത്താൻ സാധിച്ചു. പക്ഷേ, ക്രൂരമായ വിധി ആ നേതാവിനെ പാതി വഴിയിൽ തടഞ്ഞു.മെയ് 15 വൈകിട്ടു ആർപ്പൂക്കര ഭാഗത്ത്‌ തിരഞ്ഞെടുപ്പു പ്രചരണവുമായി നീങ്ങിയ ബാബു ചാഴികാടൻ ഇടിമിന്നലേറ്റു മരണമടഞ്ഞു.

രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല്ലാതെ , ഒരക്കൗണ്ടന്റായി കഴിഞ്ഞു വന്നിരുന്ന തോമസ് ചാഴികാടൻ എന്ന ബാബു ചാഴികാടന്റെ സഹോദരൻ അങ്ങനെയാണ്‌ രാഷ്ട്രീയക്കാരനാകുന്നത്‌. പകരക്കാരനായി കളത്തിലിറങ്ങിയ ‘ടോമി’ പക്ഷേ അട്ടിമറി സൃഷ്ടിച്ചു. ബാബു ചാഴികാടന്റെ പേരിൽ ഏറ്റുമാനൂർ മണ്ഡലത്തിലും, രാജീവ് ഗാന്ധിയുടെ പേരിൽ ഭാരതത്തിലാകെയും വീശിയടിച്ച സഹതാപതരംഗം , ആയിരത്തിനടുത്ത ഒരു ഭൂരിപക്ഷമായി ഏറ്റുമാനൂരിൽ രൂപപ്പെട്ടു. പക്ഷേ വിധി തിരുത്തിയ ഒരു ജാതകവുമായി പ്രവർത്തനം തുടങ്ങിയ തോമസ് ചാഴികാടൻ ഏറ്റുമാനൂരിന്റെ രാഷ്ട്രീയജാതകം തിരുത്തിയെഴുതുന്ന കാഴ്ചയാണ്‌ പിന്നീട്‌ കണ്ടത്‌. ഇടതുപക്ഷം അധികാരം പിടിച്ച 1996ൽ, ചാഴികാടന്റെ ഭൂരിപ്പക്ഷം 13000+. 2001ൽ അതു 20000+ ആയി വർദ്ധിച്ചു. പാലാ കഴിഞ്ഞാൽ , മാണി സാറിന്റെ ഉറച്ച സീറ്റ് എന്ന നിലയിലേയ്ക്കു ഏറ്റുമാനൂർ മാറി. 2006ലെ ഇടതുതരംഗത്തിൽ ഭൂരിപക്ഷമിടിഞ്ഞെങ്കിലും ഏറ്റുമാനൂർ ചാഴികാടനെ കൈവിട്ടില്ല.

ചാഴികാടന്റെ ജനകീയ മുഖമാണ്‌ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. മണ്ഡലത്തിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടത്താനും ചാഴികാടനു സാധിച്ചിട്ടുണ്ട്‌ എന്നതും ഒരു വസ്തുതയാണ്‌.

മാറിയ സാഹചര്യങ്ങളിൽ അനായാസേന വിജയം എന്നു ചാഴികാടനും മാണി-കോൺഗ്രസ്സും കരുതിയിരുന്ന സാഹചര്യങ്ങളിലേയ്ക്കാണ്‌ സുരേഷ് കുറുപ്പ്‌ എന്ന കോട്ടയംകാരുടെ സ്വന്തം കുറുപ്പ് കടന്നു വന്നത്‌.

തോമസ് ചാഴികാടന്റേതിൽ നിന്നും നേർവിപരീതമാണ്‌ സുരേഷ്‌ കുറുപ്പിന്റെ രാഷ്ട്രീയ ചരിത്രം. എസ്.എഫ്. ഐ-യില്ലൂടെയുള്ള വളർച്ച. എം.ജി. യൂണിവേഴ്സിറ്റിയുടെ യൂണിയൻ ചെയർമാനായി പൊതുജീവിതത്തിലേയ്ക്കു. 1984ലെ ഇന്ദിരാ തരംഗത്തിൽ കേരളം മുഴുവൻ കോൺഗ്രസ്സായപ്പോൾ, കോട്ടയത്തെ ചെങ്കൊടി പുതപ്പിച്ച യുവ നേതാവ്‌.1987ൽ രമേശ് ചെന്നിത്തലയോടു പരാജയം. പിന്നെ കുറുപ്പു മൽസരിക്കുന്നത് 1998ൽ, ദേശീയനേതാവായി വളർന്നിരുന്ന രമേശ്‌ ചെന്നിത്തലെയെ തളയ്ക്കാൻ കുറുപ്പിനെ പാർട്ടി തിരിച്ചു വിളിച്ചു. ‘99ലും, 2004ലും ജയം. 2009ൽ ജോസ്.കെ.മാണിയോടു പരാജയം.

തോമസ്‌ ചാഴികാടനെ നിരന്തരമായി ജയിപ്പിക്കുമ്പോഴും, പാർലമെന്റിലേയ്ക്കു മൽസരിക്കുന്ന കുറുപ്പിനെയും അകമഴിഞ്ഞു സഹായിച്ച ചരിത്രമാണ്‌ ഏറ്റുമാനൂർ മണ്ഡലത്തിനുള്ളത്‌. മുൻകാല ഇടതുപക്ഷ സ്ഥാനാർത്ഥികളെ അപേക്ഷിച്ച്‌ മണ്ഡലത്തിലുടനീളം പരിചിതനാണെന്ന മെച്ചവും കുറുപ്പിനു ഉണ്ട്‌ . പക്ഷേ ഇതിനുമൊക്കെയപ്പുറത്ത്‌, ഏറ്റുമാനൂരിന്റെ ജയപരാജയങ്ങൾ ഇത്തവണ നിശ്ചയിക്കാൻ പോകുന്നത്, പുനർനിർണ്ണയം വഴി കൂട്ടിച്ചേർക്കപ്പെട്ട കുമരകം, തിരുവാർപ്പ്‌ പഞ്ചായത്തുകളായിരിക്കും. ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ചു മാർക്സിസ്റ്റ് പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ ഈ രണ്ടു പഞ്ചായത്തുകൾ കഴിഞ്ഞ 2-3 തിരഞ്ഞെടുപ്പുകളിൽ ഒരല്പ്പം സമദൂരം പാലിച്ചെങ്കിലും അതിനു പ്രധാന കാരണമായ ‘വയലാർ രവി’ ഫാക്ടർ ഇത്തവണയില്ല എന്നിരിക്കെ, സുരേഷ് കുറുപ്പിനു വ്യക്തമായ മുന്‌തൂക്കം ഇവിടെനിന്നും ലഭിക്കേണ്ടതാണ്‌.

പാറ പോലെ ഉറച്ച സീറ്റെന്നു ഐക്യജനാധിപത്യമുന്നണി കരുതുന്ന ഏറ്റുമാനൂരിൽ, ഇത്തവണ ഒരട്ടിമറി ഞാൻ പ്രതീക്ഷിക്കുന്നു. പാർട്ടിക്കും മുന്നണിക്കും അപ്പുറത്തേയ്ക്കു വളരുന്ന സുരേഷ്‌ കുറുപ്പ് എന്ന വ്യക്തിത്വം, തോമസ് ചാഴികാടനെന്ന ജനകീയനെ പിടിച്ചു കെട്ടും എന്നു തന്നെയാണ്‌ എന്റെ പ്രവചനം.

പി.എസ് : സുരേഷ്‌ കുറുപ്പ്‌ എന്ന വ്യക്തിയെ പാർട്ടി പോലും തങ്ങൾക്കു മുകളിൽ നിർത്തിയാണ്‌ പ്രചരണം നടത്തുന്നത്‌ എന്നതിനു താഴെക്കാണുന്ന പോസ്റ്റർ തെളിവു. കേരളത്തിലെതന്നെ ഏറ്റവും മനോഹരമായ ഈ പോസ്റ്ററിൽ , മനോഹരമായ നരയും വെള്ള ഷർട്ടും ധരിച്ച കുറുപ്പിനു മുന്നിൽ, അരിവാൾ ചിഹ്നം എത്ര മയപ്പെട്ടാണ്‌ പ്രത്യക്ഷപ്പെടുന്നത്‌ എന്നു കാണൂ



Sunday, May 17, 2009

തിരഞ്ഞെടുപ്പിന്റെ പുകയടങ്ങുമ്പോള്‍

ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം പുറത്തു വന്ന ലോകസഭ തിരഞ്ഞെടുപ്പു ഫലം പലരുടെയും അനുമാനങ്ങള്‍ ശരി വെച്ചിരികുന്നു, ചിലരുടെ കണക്കുകളില്‍ ചെറിയ പാളിച്ചകള്‍ കാണുന്നു, അതു ചര്‍ച്ച ചെയ്യാന്‍ യോഗങ്ങള്‍ നടക്കുന്നു. അകെപ്പാടെ ജഗപൊഗ!



കേരളത്തിലെ ഫലം പുറത്തു വന്നപ്പോള്‍ നേടിയവരാരൊക്കെ... വാടിയവരാരൊക്കെ.... എന്റെ ചില നിരീക്ഷണങ്ങള്‍:


നേടിയവര്‍
------------------

1. കെ.പി.ധനപാലന്,‍എന്‍.പീതാംബരക്കുറുപ്പ്‌

വൈകി വന്ന അംഗീകാരം. പാര്‍ട്ടിയോടും നേതാവിനോടുമുള്ള [യഥാക്രമം] വിധേയത്വത്തിനു ഒടുവില്‍ പ്രതിഫലം.

2. മുസ്ലിം ലീഗ്‌

മലപ്പുറത്തു കൈമോശം വന്നു എന്നു കരുതിയിരുന്ന പ്രതാപം തിരിച്ചുപിടിച്ചിരിക്കുന്നു. യു.ഡി.എഫിന്റെ നയങ്ങളിലും തീരുമാനങ്ങളിലും ഇനി പഴയ മേല്‍ക്കോയ്മ അവകാശപ്പെടാം. ലീഗിന്റെ ചിലവില്‍ ആളു കളിക്കുന്ന ആര്യാടന്‍മാരെപ്പോലെയുള്ളവര്‍ക്കിനി തല്‍ക്കാലം നാവടക്കാം.

3. എം.പി.വീരേന്ദ്രകുമാര്‍

മല്‍സരിക്കാതെ വിജയിച്ച വീരന്‍മാരില്‍ പ്രമുഖന്‍. വയനാട്ടിലെ യു.ഡി.എഫിന്റെ ജയത്തിലും, വടകര,കോഴിക്കോട്‌ എന്നിവിടങ്ങളിലെ എല്‍ഡി.എഫിന്റെ പരാജയങ്ങളിലും വ്യക്തമായ സ്വാധീനമുണ്ടെന്നു ധൈര്യമായി അവകാശപ്പെടാം. ലീഗും, മാണി കോണ്‍ഗ്രസ്സും കഴിഞ്ഞാല്‍ യു.ഡി.എഫിലെ പ്രധാന കക്ഷിയായി ചേരാനുള്ള അവസരം. അങ്ങനെ വരുമ്പോള്‍ യു.ഡി.എഫിന്റെ പ്രധാന ദേശീയ നേതാവായി തന്നെ വീരന്‍ മാറും. ഇനി ഇതൊന്നും നടന്നില്ലെങ്കിലും കേരളത്തിലെ ദളിന്റെ കതിര്‍ക്കറ്റ വീരന്റെ കയ്യില്‍ തന്നെ ഇരിക്കും.

4. എം.ഐ.ഷാനവാസ്‌

തോല്‍വികളുടെ നീണ്ട ചരിത്രങ്ങള്‍ക്കു ശേഷം തകര്‍പ്പന്‍ ജയം. " ആരാടാ ഈ എം.ഐ.ഷാനു, തോല്‍ക്കാനായി ജനിച്ചവനോ" എന്ന പതിവു മുദ്രാവാക്യങ്ങള്‍ക്കു ചുട്ട മറുപടിയായി വയനാടന്‍ ജനത സമ്മാനിച്ചത്‌ കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷം. കേന്ദ്രത്തില്‍ ഒരു മന്ത്രിസ്ഥാനത്തിനിടിക്കാന്‍ ഇതു കൂടുതല്‍ പ്രചോദനമാകും.

5. എം.ബി.രാജേഷ്‌, പി.കെ.ബിജു

പാര്‍ട്ടിക്കേറ്റ കനത്ത തോല്‍വിക്കിടയിലും , വ്യക്തിപരമായി രാജേഷിനും ബിജുവിനും മുതലെടുക്കാവുന്ന ഒരു സാഹചര്യാമാണ്‌ വരാന്‍ പോകുന്നതു. ശുഷ്കമായ പാര്‍ട്ടി എം.പി.മാര്‍ക്കിടയില്‍ നിന്നും ദേശീയതലത്തിലേയ്ക്കു വളരാന്‍ പറ്റിയ മികച്ച അവസരം. ഡെല്‍ഹി രാഷ്ട്രീയത്തില്‍ സി.പി.എം കേരള ഘടകത്തെ പ്രതിനിധീകരിച്ചിരുന്ന മുഖങ്ങളെല്ലാം തന്നെ കൂടാരം കയറിയപ്പോള്‍ , മികച്ച വാഗ്മികളായ രാജേഷും ബിജുവും ആ കുറവ്‌ നികത്തിയേ പറ്റൂ.


വാടിയവര്‍:


1. പിണറായി വിജയന്‍ , പാര്‍ട്ടി കേരള ഘടകം

കൂടുതല്‍ പറയേണ്ടതില്ലല്ലോ.

2. എല്‍.ഡി.എഫ്‌.

ഇടതു പക്ഷ ജനാധിപത്യ മുന്നണി രൂപംകൊണ്ടതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയുടെ ദിനങ്ങളായിരിക്കണം വരുന്നത്‌. കനത്ത തോല്‍വിക്ക്‌ പരസ്പരം പഴി ചാരിക്കൊണ്ട്‌ നേതാക്കള്‍ രംഗത്തിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

3. ജനതാദള്‍ വിമതര്‍

ഒന്നും മിണ്ടാതെ വേഗം തിരിച്ചു ചെന്നാല്‍ ചിലപ്പോ അത്താഴമെങ്കിലും കിട്ടും. [ മാത്യു.ടി.തോമസ്‌ അറിഞ്ഞു പ്രവര്‍ത്തിച്ച പത്തനംതിട്ടയില്‍ ഭൂരിപക്ഷം ഒരു ലക്ഷത്തിപ്പതിനോരായിരം!]

4. കെ.മുരളീധരന്‍.

നോ കമന്റ്സ്‌.

5. പി.ഡി.പി, അബ്ദു നാസര്‍ മദനി

മുഖ്യാധാരാ രാഷ്ട്രീയത്തിലേയ്ക്കുള്ള അരങ്ങേറ്റം പാളി. ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെല്ലാം അതിജീവിച്ചു തിരിച്ചുവരുമ്പോ താങ്ങാന്‍ എതേലും മുന്നണി തയാറാകുമോ എന്നതു കണ്ടു തന്നെ അറിയണം.

Sunday, March 29, 2009

ലോകസഭാ തിരഞ്ഞെടുപ്പ്‌- 2009 | 3. കൊല്ലം

കൊല്ലത്ത്‌ ഒരു പാടു പുകയുന്നുണ്ട്‌ എന്നു വേണം കരുതാന്‍. രണ്ടു മുന്നണികളും ചില്ലറ പ്രശ്നങ്ങളൊക്കെ അടച്ചൊതുക്കി വെച്ചെങ്കിലും അതൊക്കെ താഴേതട്ടിലെത്തിയോ എന്നു സംശയം.

സി.പി.എമ്മിന്റെ ജില്ല സമ്മേളനത്തോടനുബന്ധിച്ചുണ്ടായ പ്രശ്നങ്ങള്‍ പോളിറ്റ്-ബ്യൂറോ വരെ ചെന്നു. സി.പി.എം-സി.പി.ഐ ഉരസലുകള്‍ നടന്ന പ്രധാന സ്ഥലങ്ങളിലൊന്ന്‌ കൊല്ലമാണ്‌. പിന്നെ മുറുമുറുക്കുന്ന ആര്‍.എസ്‌.പി - ഇതു ഇടതുപക്ഷത്തെ കഥ.

കരുണാകര വിഭാഗത്തിനൊപ്പം എന്നും നിലകൊണ്ടിട്ടുള്ള കൊല്ലത്തെ കോണ്‍ഗ്രസ്സുകാരുടെ തലപ്പത്തിപ്പോ, ഒരു കാലത്ത്‌ കരുണാകരന്റെ സ്വന്തം ആളുകളായിരുന്ന , പിന്നീടു കൂറു മാറി പാര്‍ട്ടിക്കൊപ്പം നിന്ന ചില മുഖങ്ങളാണ്‌. ലീഡറുടെ നിഴലായ പീതാംബരക്കുറുപ്പ്‌ അങ്കത്തിനിറങ്ങുമ്പോള്‍ ഇവരുടെ നിലപാടുകളെന്തായിരിക്കും?


പോളിറ്റ്‌ ബ്യൂറോ സി.പി.എമ്മിന്റെ ക്യാബിനറ്റ്‌ ആണെങ്കില്‍, കണ്‍ട്രോള്‍ കമ്മീഷന്‍ സുപ്രീം കോടതിയാണ്‌. അപ്പോള്‍ അതില്‍ അംഗമാവുക എന്നാല്‍ , പാര്‍ട്ടിക്കുള്ളില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊനാണത്‌. ആ ഗ്ലാമറോടെയാണ്‌ പി.രാജേന്ദ്രന്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌. ആര്‍.എസ്‌.പി-യില്‍ നിന്നും പിടിച്ചെടുത്തു വിജയിച്ച കൊല്ലം രാജേന്ദ്രനെ പിന്നീടു കൈ വിട്ടിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ അംഗീകാരം, പാര്‍ട്ടി വരമ്പുകള്‍ക്കപ്പുറത്തേയ്ക്ക്‌ വളരുന്ന സ്വാധീനം - ഇതെല്ലാം പുള്ളിയെ ഒരു 'പൊതുസമ്മത' സ്ഥാനാര്‍ത്ഥിയാക്കുന്നു.

കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ എനിക്കിഷ്ടപ്പെട്ട ചുരുക്കം പേരുകളിലൊന്നു കൊല്ലത്തു മല്‍സരിക്കുന്ന പീതാംബരക്കുറുപ്പിന്റേതാണ്‌.കേരളത്തിലെ കോണ്‍ഗ്രസ്സുകാര്ക്ക്‌ കെ.കരുണാകരന്‍ എന്ന നേതാവ്‌ എന്തായിരുന്നു എന്നു കുറുപ്പു പറഞ്ഞു തരും. പാര്‍ട്ടിയോടുള്ളതിനേക്കാള്‍ കൂറു നേതാവിനോടാകുന്നത്‌, ഒരു കാലത്തു പാര്‍ട്ടി എന്നാല്‍ ഈ നേതാവായിരുന്നത്‌ കൊണ്ടാണെന്നു കുറുപ്പ്‌ പല തവണ പറഞ്ഞിട്ടുണ്ട്‌. അടി പതറാത്ത ആ വിശ്വസ്തതയ്ക്കു പകരമായി ലീഡര്‍നേരിട്ടിടപെട്ടാണ്‌ കൊല്ലം സീറ്റ്‌ മേടിച്ചുകൊടുത്തത്‌. 17 പേരില്‍ ലീഡറുടെ സ്ഥാനാര്‍ത്ഥി എന്നു തറപ്പിച്ചു പറയാവുന്നതും ഈ ഒരെണ്ണം മാത്രം.

കുറുപ്പിന്റെ പ്രസംഗത്തെപറ്റി കൂടി പറയേണ്ടതുണ്ട്‌. സോണിയാ ഗാന്‌ധി കോണ്‍ഗ്രസ്സ്‌ അദ്ധ്യക്ഷപദം ഏറ്റെടുത്ത ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോള്‍ അവരെ കാണാന്‍ വലിയ ജനക്കൂട്ടം തടിച്ചുകൂടുകയുണ്ടായി. ഇതിനെപറ്റി അന്നു മുഖ്യമന്ത്രി ആയിരുന്ന ഇ.കെ.നായനാര്‍ തന്റെ തനത്‌ രീതിയില്‍ " അവരെല്ലാം സോണിയാ ഗാന്ധിയുടെ സാരി കാണാന്‍ പോയതാടോ" എന്നൊരു കമന്റും പാസാക്കി. പിറ്റേന്നു അതിനു കുറുപ്പിന്റെ മറുപടി : " അത്ര ഉറപ്പാണേല്‍ അതേ സാരിയുടുപ്പിച്ചു ശാരദ ടീച്ചറിനെ ഒരു ചടങ്ങില്‍ പങ്കെടുപ്പിക്കട്ടെ. ആളു കൂടുമോ എന്നറിയാമല്ലോ..". ഇത്രയും ചങ്കൂറ്റമുള്ള ഒരു മറുപടി മറ്റൊരു കോണ്‍ഗ്രസ്സ്‌ നേതാവും നായനാരോടു പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല!

കൊല്ലംകാര്‍ക്കു ഒരു നല്ല മല്‍സരം കാണാം.

Wednesday, March 25, 2009

ലോകസഭാ തിരഞ്ഞെടുപ്പ്‌- 2009 | 2. ആറ്റിങ്ങല്‍

ആറ്റിങ്ങലേയ്ക്കാദ്യമായി തിരഞ്ഞെടുപ്പെത്തുമ്പോള്‍ , ഇരുത്തം വന്ന രണ്ടു മുഖങ്ങളാണ്‌ പരസ്പരമേറ്റുമുട്ടുന്നത്‌. ചിറയിന്‍കീഴിന്റെ പ്രതിനിധി ആയിരിന്നിട്ടുള്ള എ.സമ്പത്തിനെതിരേ ,ജി.ബാലചന്ദ്രന്‍ എന്ന റിട്ട: അദ്ധ്യാപകനെയാണ്‌ കോണ്‍ഗ്രസ്സ്‌ അവതരിപ്പിക്കുനത്‌.

തെക്കന്‍ കേരളത്തില്‍ ഏറ്റവും അധികം ഇടതു-പക്ഷ ചായ്‌വ്‌ പ്രകടിപ്പിച്ചിരുന്ന മണ്‌ഡലം ചിറയിന്‍കീഴായിരുന്നിരിക്കണം. വയലാര്‍ രവിയും, തലേക്കുന്നില്‍ ബഷീറുമൊക്കെ ഇടക്കലത്തു ജയിച്ചു കേറിയിട്ടുണ്ടെങ്കിലും , മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയോടു വലിയ ഒരു വിധേയത്വം ആ നാട്ടുകാര്‍ക്കുണ്ടായിരുന്നു. ആ ജനവിഭാഗം, ആറ്റിങ്ങല്‍ എന്ന ഒരു പുതിയ ബാനറില്‍ വോട്ട്‌ ചെയ്യാന്‍ ഇറങ്ങുമ്പോള്‍, വലിയ അട്ടിമറികളൊന്നും പ്രതീക്ഷിക്കാന്‍ ന്യായമില്ല.


വിഭാഗീയതയുടെ ചെളി കാര്യമായി തെറിക്കാത്ത ഒരു വ്യക്തിത്വം സമ്പത്തിനെ വളരെ കാര്യമായി തന്നെ സഹായിക്കും. പരമ്പരാഗത കമ്മ്യൂണിസ്റ്റുകളെ വലിച്ചടുപ്പിക്കുന്ന ഒരു പാരമ്പര്യംകൂടി കൈ മുതലായി ഉള്ളപ്പോള്‍ , സ്വന്തം പാളയത്തില്‍ കാര്യമായ വെല്ലുവിളികളുണ്ടാവില്ല.

ജി.ബാലചന്ദ്രന്റെ ആറ്റിങ്ങള്‍ പ്രദേശത്തെ സ്വാധീനത്തെപറ്റി എനിക്കു വ്യക്തമായ ഒരു ധാരണ ഇല്ല. അറിഞ്ഞിടത്തോളം, ആലപ്പുഴ ആയിരുന്നു പുള്ളിയുടെ പ്രധാന പ്രവര്‍ത്തന മേഖല. പിന്നെ തലസ്ഥാനം എന്ന നിലയില്‍ തിരുവനന്തപുരവും. അപ്പൊപിന്നെ മണ്‌ഡലത്തിലുടനീളം വ്യക്തിബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്ന സമ്പത്തിനെതിരേ പിടിച്ചുനില്‍കാന്‍ ബുദ്ധിമുട്ടായിരിക്കും. കോണ്‍ഗ്രസ്സ്‌ ലിസ്റ്റിലെ പുതുമുഖങ്ങളിലൊന്നായ ഈ 'ചെറുപ്പകാരന്‍' ഒരു നല്ല ഗോമ്പറ്റീഷന്‍ കൊടുക്കും എന്നു കരുതാനേ തല്‍ക്കാലം വകയുള്ളൂ.